SignIn
Kerala Kaumudi Online
Thursday, 23 July 2026 4.07 AM IST

നാടിന്റെ നാവായി മാറിയ ബാഹുലേയൻ മടങ്ങി

bahuleyan

കൊല്ലം: നാടിന്റെ നാവായി മാറിയ മാദ്ധ്യമ പ്രവർത്തകനായിരുന്നു ഇന്നലെ മടങ്ങിയ കേരളകൗമുദി പത്തനാപുരം, പുനലൂർ ലേഖകൻ ഇടമൺ എം.ബാഹുലേയൻ. നാടിന്റെ നൊമ്പരങ്ങളും ആവശ്യങ്ങളും അദ്ദേഹം നിരന്തരം വാർത്തകളാക്കി അധികാര കേന്ദ്രങ്ങളിലെത്തിച്ചു. ഉയർത്തുന്ന ഓരോ പ്രശ്നത്തിനും പരിഹാരം ഉണ്ടാകുന്നത് വരെ പിന്നാലെ സഞ്ചരിച്ചിരുന്ന പോരാളി കൂടിയായിരുന്നു അദ്ദേഹം.

ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ ഏറ്റവും വലിയ ദുരിതമായ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് അദ്ദേഹം തുടർച്ചയായി വാർത്തകളെഴുതുമായിരുന്നു. അദ്ദേഹത്തിന്റെ അത്തരം വാർത്തകളിൽ മലയോര മേഖലയിലെ ജനങ്ങളുടെ വിങ്ങൽ തെളിഞ്ഞുനിൽക്കുമായിരുന്നു. പുനലൂർ ബൈപ്പാസ് യാഥാർത്ഥ്യമാക്കാനും അദ്ദേഹം അക്ഷരങ്ങൾ കൊണ്ട് പോരാടി. ജില്ലയുടെ കിഴക്കൻ മേഖലയുടെ പ്രകൃതിഭംഗി വശ്യമായി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ഫീച്ചറുകൾ വൻതോതിൽ സഞ്ചാരികളെ അവിടേക്ക് ആകർഷിച്ചു.

പുനലൂർ തൂക്കുപാലത്തിന്റെ സംരക്ഷണത്തിനായും അദ്ദേഹം വാർത്തകളിലൂടെ പോരാടി. കയറിക്കിടക്കാൻ കൂരയില്ലാത്ത പാവങ്ങൾ, അധികാരികളുടെ അവഗണനയിൽ ജീവിതം പ്രതിസന്ധിയിലായവർ, കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങൾ, ഇവരുടെയെല്ലാം ശബ്ദമായി ഇടമൺ എം.ബാഹുലേയൻ മാറിയിരുന്നു.

ഇടമൺ യു.പി.എസിലെ ജീവനക്കാരനായിരുന്ന അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് മുഴുവൻ സമയ മാദ്ധ്യമ പ്രവർത്തകനായത്. സർവീസിൽ നിന്ന് വിരമിക്കുന്നതിന് മുമ്പും ശേഷവും അദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നു. ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പുനലൂർ യൂണിയൻ പ്രസിഡന്റായിരുന്ന അദ്ദേഹം ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സജീവ പ്രവർത്തകനായിരുന്നു. യൗവ്വനകാലത്ത് സി.പി.ഐ ഇടമൺ സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. സി.പി.ഐയുടെ ക്യാമ്പയിനുകൾ വിജയിപ്പിക്കാൻ കഠിനമായി പശ്രമിച്ചതിന് പുറമേ കൂടുതൽ പേരെ പാർട്ടിയിലേക്ക് എത്തിച്ച ബാഹുലേയനെ മൂന്ന് പതിറ്റാണ്ട് മുമ്പ് മികച്ച ബ്രാഞ്ച് സെക്രട്ടറിയായും തിരഞ്ഞെടുത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL