
കൊല്ലം: വീട്ടുമുറ്റത്ത് കാൽപ്പെരുമാറ്റം കേട്ടാലും ഫോൺ ശബ്ദിച്ചാലും നെൽസണിന്റെയും ബിന്ദുവിന്റെയും മനസിൽ ആദ്യമെത്തുക മകനെക്കുറിച്ചുള്ള ഓർമ്മകളാണ്. 2023 മേയ് 26ന് പനമൂട് കടലിൽ തിരയിൽപ്പെട്ടാണ് ഇരവിപുരം വാളത്തുംഗൽ കാവിൽ വീട്ടിൽ നെൽസൺ ജെസ്റ്ററിന്റെയും ബിന്ദു നെൽസണിന്റെയും മകൻ നെബിൻ നെൽസണെ (15) കാണാതായത്.
വാളത്തുംഗൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയായിരുന്ന നെബിൻ കൂട്ടുകാർക്കൊപ്പം കളിക്കാനായി വീട്ടിൽ നിന്നിറങ്ങിയതാണ്. നെബിൻ അപകടത്തിൽപ്പെട്ട വിവരം ഒപ്പമുണ്ടായിരുന്ന കുട്ടികൾ മറച്ചുവച്ചതിനാൽ മൂന്നാം ദിവസമാണ് വീട്ടുകാരും പൊലീസും വിവരം അറിയുന്നത്.
കോസ്റ്റ് ഗാർഡും പിന്നീട് ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് കൊച്ചിയിൽ നിന്നെത്തിയ നാവികസേനയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഔദ്യോഗിക തെരച്ചിൽ അവസാനിപ്പിച്ചതോടെ മാതാപിതാക്കൾ സ്വന്തം നിലയിൽ തമിഴ്നാട്ടിലും കന്യാകുമാരിയിലുമൊക്കെ മകനെ തേടിപ്പോയി. നെബിന്റെ ചിത്രം പതിച്ച നോട്ടീസുകൾ വിവിധ ദേവാലയങ്ങളിൽ വിതരണം ചെയ്തു. പലിശയ്ക്ക് പണം വാങ്ങി മത്സ്യത്തൊഴിലാളികളെ ഏർപ്പെടുത്തി കടലിൽ തെരച്ചിൽ നടത്തി. ഇതിനായി മൂന്നുലക്ഷം രൂപ വരെ ചെലവായതായി കുടുംബം പറയുന്നു.
നിലവിൽ നെബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതുവരെ ഒരു സൂചനപോലും ലഭിച്ചിട്ടില്ല. നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ ഗൗതം കൃഷ്ണനെ കണ്ടെത്താനുള്ള തെരച്ചിൽ സംവിധാനങ്ങൾക്കെതിരെ പരാതി ഉയരുമ്പോഴാണ് മൂന്നുവർഷം മുമ്പ് കടലിൽ കാണാതായ നെബിന്റെ കേസ് വീണ്ടും ചർച്ചയാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |