കൊല്ലം: ഓണ മത്സരങ്ങളിൽ പങ്കെടുക്കാൻ ദേഹമാകെ ചായം പൂശി കഷ്ടപ്പെട്ടിരുന്ന കാലമൊക്കെ കഴിഞ്ഞു. ഈ ഓണക്കാലത്ത് പുലിയായും മാവേലിയായും മാറാൻ റെഡിമെയ്ഡ് വേഷങ്ങളാണ് വിപണിയിൽ നിറഞ്ഞിരിക്കുന്നത്. കടകളുടെ മുൻഭാഗം അലങ്കരിച്ചിരിക്കുന്ന പുലിവേഷങ്ങളും വേട്ടക്കാരന്റെ കോസ്റ്റ്യൂമുകളും കാണികളെയും വാങ്ങാനെത്തുന്നവരെയും ഒരുപോലെ ആകർഷിക്കുന്നുണ്ട്.
സ്കൂളുകൾ, കോളേജുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിലെ ഓണാഘോഷങ്ങൾ സജീവമായതോടെ ഇത്തരം സാധനങ്ങൾക്ക് ആവശ്യക്കാർ ഏറിയിരിക്കുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇണങ്ങുന്ന തരത്തിലുള്ള മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പുള്ളിപ്പുലി, വരയൻ പുലി വേഷങ്ങൾ വിപണിയിൽ സജീവമാണ്. വേഷത്തോടൊപ്പം ലഭിക്കുന്ന മുഖംമൂടികൾ വിപണിയിലെ വലിയൊരു ആകർഷണമാണ്. പ്ലാസ്റ്റിക്, റബ്ബർ മെറ്റീരിയലുകൾക്ക് പുറമെ, പ്ലാസ്റ്റർ ഒഫ് പാരിസിൽ തീർത്ത വായ ചലിപ്പിക്കാൻ കഴിയുന്ന ഹൈടെക് മുഖംമൂടികൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഓണക്കാല ഫോട്ടോ ഷൂട്ടുകളിൽ പ്രധാന താരമായി മാറിയിരിക്കുന്നത് ഓലക്കുടയാണ്. മാവേലി വേഷങ്ങൾക്കും പുലിക്കളിക്കുമൊപ്പം ഓലക്കുടയ്ക്കും പൂക്കുടകൾക്കും ആവശ്യക്കാർ ഏറെയാണ്. മാവേലിക്ക് കിരീടം നിർമ്മിക്കാനുള്ള സാമഗ്രികളും ആഭരണങ്ങളും പ്രത്യേകം വാങ്ങാൻ കിട്ടും. കൂടാതെ അലങ്കാരവസ്തുക്കൾക്കും പ്ലാസ്റ്റിക് പൂക്കൾക്കും ആവശ്യക്കാരെത്തുന്നുണ്ട്. സ്കൂളുകളിലും കോളേജുകളിലും ക്ലബ്ബുകളിലും ഓണാഘോഷങ്ങൾ ആരംഭിക്കുന്നതോടെ ഡിമാൻഡ് വർദ്ധിക്കുമെന്ന് വ്യാപാരികൾ പറയുന്നു.
...........................................
പുലിക്കളി വേഷം: ₹ 300 മുതൽ ലഭ്യമാണ്
ഓലക്കുട: ₹ 300 മുതൽ ₹ 1,500 വരെ (വലിപ്പത്തിനനുസരിച്ച്)
മാവേലി വേഷം: ₹ 500
വേട്ടക്കാരന്റെ കോസ്റ്റ്യൂം: ₹ 400
ചെറിയ തോക്ക്: ₹ 40
വലിയ തോക്ക്: ₹ 200
ചെണ്ട: ₹ 80
മുഖംമൂടി: ₹ 30 മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |