ഒന്നരലക്ഷത്തിലേറെ വീടുകളിൽ പ്രതിവർഷം വൈദ്യുതി എത്തിക്കാം
കൊല്ലം: അഷ്ടമുടി കായലിൽ ഫ്ലോട്ടിംഗ് സോളാർ പദ്ധതിയിലൂടെ 460 മെഗാവാട്ടിന്റെ സാദ്ധ്യതയെന്ന് പഠനം. ശരാശരി ഒരു കുടുംബം പ്രതിമാസം 150 മുതൽ 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നെന്ന് കണക്കാക്കിയാൽ ഒന്നരലക്ഷത്തിലേറെ വീടുകളുടെ ഒരു വർഷത്തെ വൈദ്യുതി ആവശ്യത്തിന് തുല്യമാണിത്. കേന്ദ്ര നവ-പുനരുപയോഗ ഊർജ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോളാർ എനർജി നടത്തിയ പഠനത്തിലാണ് അഷ്ടമുടിയടക്കം കൊല്ലത്തെ ജലാശയങ്ങളിലെ ഫ്ലോട്ടിംഗ് സോളാർ സാദ്ധ്യതകൾ തേടിയത്.
തെന്മല അണക്കെട്ടിൽ 160 മെഗാവാട്ട്, പരവൂർ കായലിൽ 40 മെഗാവാട്ട്, വട്ടക്കായലിൽ 20 മെഗാവാട്ട് എന്നിങ്ങനെയും സാദ്ധ്യതകളുണ്ട്. അഷ്ടമുടിയിൽ രണ്ട് മേഖലകളിലായാണ് 460 മെഗാവാട്ടിന്റെ ലഭ്യത പ്രതീക്ഷിക്കുന്നത്. പഠനത്തിന് പിന്നാലെ ഫീൽഡ് സർവേകൾ കൂടി പൂർത്തിയാക്കിയ ശേഷമായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ. കേരളത്തിലെ 11ജില്ലകളിലെ ജലാശയങ്ങളിലാണ് ഫ്ലോട്ടിംഗ് സോളാറിനുള്ള സാദ്ധ്യതകൾ തേടിയത്. രാജ്യത്താകെ 25 സംസ്ഥാനങ്ങളിലായി ആയിരത്തിലേറെ ജലാശയങ്ങളും പഠനത്തിലുണ്ട്. സാദ്ധ്യതകൾ ശാസ്ത്രീയമായി വിലയിരുത്തുകയായിരുന്നു പഠന ലക്ഷ്യം.
ചെലവ് കൂടും
കരയിൽ സ്ഥാപിക്കുന്ന സൗരോർജ പദ്ധതികളേക്കാൾ ഫ്ലോട്ടിംഗ് സോളാറിന് നിർമ്മാണച്ചെലവ് കൂടുതലാണ്. വെള്ളത്തിൽ പാനലുകൾ ഉറപ്പിച്ചുനിറുത്താനുള്ള സംവിധാനങ്ങൾ, പ്രത്യേക വൈദ്യുതി കേബിളുകൾ തുടങ്ങിയവയാണ് അധിക ചെലവിന് കാരണം. സംസ്ഥാന സർക്കാരിന്റെയും വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുക.
ഫ്ലോട്ടിംഗ് സോളാർ
ജലാശയങ്ങളുടെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന സൗരോർജ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയാണ് ഫ്ലോട്ടിംഗ് സോളാർ
പാനലുകൾ വെള്ളത്തിൽ ഉറപ്പിച്ചുനിറുത്താൻ പൊങ്ങിക്കിടക്കുന്ന ഘടനകളും നങ്കൂര സംവിധാനങ്ങളും ഉപയോഗിക്കും
കരയിൽ വലിയ സ്ഥലമെടുത്ത് പാനലുകൾ സ്ഥാപിക്കേണ്ടതില്ല
അണക്കെട്ടുകൾ, കായലുകൾ തുടങ്ങിയ അനുയോജ്യമായ ജലാശയങ്ങളിൽ ഇത്തരം പദ്ധതികൾ നടപ്പാക്കാം
വെള്ളത്തിന്റെ തണുപ്പ് പാനലുകളുടെ ചൂട് കുറയ്ക്കുന്നതിനാൽ വൈദ്യുതി ഉത്പാദനക്ഷമത മെച്ചപ്പെടും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |