SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.07 PM IST

30പേരുമായി അ‌ന്ന്‌ ആരംഭിച്ചു, ഇന്ന് 138ലധികം കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രതീക്ഷയായി 'സ്‌പെക്‌ട്രം ഹാർട്‌‌സ്'

Increase Font Size Decrease Font Size Print Page
spectrum-hearts

കൊല്ലം: പരിമിതികളെ മറികടന്ന്, പരിധിയില്ലാത്ത സാദ്ധ്യതകളിലേക്ക് വളരാൻ ഒരിടം. ഓട്ടിസം പോലുള്ള സവിശേഷ സാഹചര്യങ്ങളിൽ കുട്ടികൾക്ക് താങ്ങും തണലുമായി സ്‌പെക്ട്രം ഹാർട്‌സ്. കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രഥമ സമ്മർ ക്യാമ്പിന് സാർത്ഥകമായ സമാപനം. 21 ദിവസം നീണ്ടുനിന്ന ക്യാമ്പിൽ, ഭിന്നശേഷിക്കാരായ 110 കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു.

വിവിധ സെഷനുകളിൽ, അഭിരുചികളുടെ ബഹുമുഖ തലങ്ങളിലേക്കുള്ള വാതിലുകൾ തുറന്നു കിട്ടിയതിന്റെ അത്ഭുതവും ആഹ്‌ളാദവും ക്യാമ്പിന്റെ സമാപനച്ചടങ്ങിന് മാറ്റുകൂട്ടി. 2025 സെപ്‌തംബറിൽ 30 കുട്ടികളുമായി ആരംഭിച്ച സ്‌പെക്ട്രം ഹാർട്‌സ്, വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ 138ലധികം കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രതീക്ഷയുടെ വെളിച്ചമായി മാറി. മനുഷ്യസ്‌നേഹവും കരുണയും സമൂഹത്തോടുള്ള ഉത്തരവാദിത്വ ബോധവും അടിസ്ഥാന ലക്ഷ്യങ്ങളാക്കിയ നിഹാൽ വെളിയിൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് സ്‌പെക്ട്രം ഹാർട്സിന്റെ പ്രവർത്തനം.

ഓട്ടിസം ഉൾപ്പെടെ സവിശേഷമായ ആവശ്യങ്ങളുള്ള കുട്ടികൾക്ക് ഗുണമേന്മയുള്ള തെറാപ്പി ലഭിക്കുകയെന്നത് സാധാരണ കുടുംബങ്ങൾക്ക് പലപ്പോഴും സാമ്പത്തികമായി വലിയ വെല്ലുവിളിയാണ്. ഈ യാഥാർത്ഥ്യം മനസ്സിലാക്കിയാണ്, സ്‌പെക്ട്രം ഹാർട്സ് ഒരു വ്യത്യസ്ത മാതൃകയുമായി മുന്നോട്ട് വന്നിട്ടുള്ളത്. പൂർണ്ണമായും സൗജന്യമായി, നോൺ പേയ്‌മെന്റ് വൗച്ചർ സിസ്റ്റം മുഖേന എല്ലാ പ്രധാന തെറാപ്പി സേവനങ്ങളും നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭങ്ങളിൽ ഒന്നാണ് സ്‌പെക്ട്രം ഹാർട്സ്.

ഇവിടെ, സ്പീച്ച് തെറാപ്പി, ഒക്യൂപ്പേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി, എബിഎ തെറാപ്പി, ഫിസിയോതെറാപ്പി, സ്‌പെഷ്യൽ എജ്യൂക്കേഷൻ, പേരനന്റ് ഗൈഡൻസ്, സൈക്കോളജിക്കൽ സപ്പോർട്ട് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. അതാത് മേഖലകളിൽ കഴിവും പരിചയവുമുള്ള, ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന വിദഗ്‌ദ്ധരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്‌പെക്ട്രം ഹാർട്സ് ഒരു തെറാപ്പി സെന്റർ മാത്രമല്ല, ഓരോ കുഞ്ഞിനെയും സ്‌നേഹത്തോടെ മനസ്സിലാക്കുന്ന, ആദരവോടെ കൈ പിടിച്ചു നടത്തുന്ന, ആത്മവിശ്വാസം നൽകുന്ന ഒരു വലിയ കുടുംബമാണെന്ന് മാനേജിങ് ട്രസ്റ്റി നസീർ വെളിയിൽ പറഞ്ഞു.

'കുട്ടികൾക്ക് മാത്രമല്ല, മാതാപിതാക്കൾക്കും ഇവിടെ വലിയ പ്രാധാന്യമുണ്ട്. പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളെ വളർത്തുന്ന കുടുംബങ്ങൾ നേരിടുന്ന മാനസികവും സാമൂഹികവും വികാരപരവുമായ സമ്മർദ്ദങ്ങൾ മനസ്സിലാക്കി, മാതാപിതാക്കൾക്കാവശ്യമായ കൗൺസലിങ്ങും സ്‌പെക്ട്രം ഹാർട്‌സ് നൽകുന്നുണ്ട് ' അദ്ദേഹം ചൂണ്ടികാട്ടി. പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ നസീർ വെളിയിൽ, ഏറെക്കാലമായി വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തുവരുന്നു.


സ്‌പെഷ്യൽ സ്‌കൂളുകൾക്കുള്ള സാമ്പത്തിക സഹായം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായം, പാർപ്പിട പദ്ധതികൾ, സ്‌കൂൾ കുട്ടികൾക്കുള്ള ഗതാഗത സൗകര്യം, ഗാന്ധിഭവൻ ഇന്റർനാഷണൽ സ്‌പെഷ്യൽ സ്‌കൂളിനുള്ള സഹായം തുടങ്ങിയവ അവയിൽ ചിലത് മാത്രം.

സ്‌പെക്ട്രം ഹാർട്സ് സമ്മർ ക്യാമ്പിന്റെ സമാപന സമ്മേളനം കരുനാഗപ്പള്ളി നിയുക്ത എംഎൽഎ സി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കും മാതാപിതാക്കൾക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു. ആദിനാട് ബ്ലോക്ക് പഞ്ചായത്തംഗം കെ എസ് പുരം സുധീർ, കുലശേഖരപുരം പഞ്ചായത്തംഗം ഇർഷാദ് ബഷീർ, റിട്ട. പ്രിൻസിപ്പൽ മായ, റോട്ടറി യൂത്ത് ക്ലബ്ബ് ഡയറക്ടർ ജയസൂര്യ, എം എസ് എം കോളേജ് റിട്ട. പ്രൊഫ. പദ്മകുമാർ, ഓണവിള സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOLLAM, SPECTROM HEARTS, SPECIALY ABLED, AUTISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL