സ്കൂൾ ബസിന്റെ ലൈറ്റ് അടിച്ച് പൊട്ടിച്ചു
ചചങ്ങനാശേരി: ചങ്ങനാശേരി ആനന്ദാശ്രമം യു.പി സ്കൂളിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം ഡസ്കും ബെഞ്ചും കസേരയും ബോർഡും ചെടിച്ചട്ടികളും ഉൾപ്പെടെ തകർത്ത് വലിയ നാശനഷ്ടമുണ്ടാക്കി. സ്കൂളിന്റെ പരിസരത്ത് പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസിന്റെ ഹെഡ്ലൈറ്റും ഇടിച്ചു തകർത്തു.
ഇന്നലെ രാവിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി എത്തിയ ഉദ്യോഗസ്ഥർ ക്ലാസ് മുറികൾ വൃത്തിയാക്കി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് സ്കൂൾ അധികൃതർ അക്രമം നടന്ന വിവരം അറിയുന്നത്. ചുവരിൽ തൂക്കിയിരുന്ന ഫോട്ടോകളും അക്രമിസംഘം നശിപ്പിച്ചു. കസേരകൾ അടിച്ചു തകർത്ത നിലയിലാണ്. ബോർഡുകൾ ക്ലാസ് മുറിയിൽ നിന്നും പുറത്തേയ്ക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്.
മാർച്ച് 31ന് സ്കൂൾ വേനൽ അവധിയ്ക്കായി അടച്ചിരുന്നു. തുടർച്ചയായി അവധികൾ വന്നതിനാൽ സ്കൂളിൽ അക്രമം നടന്ന വിവരം അറിഞ്ഞിരുന്നില്ല. സ്കൂൾ ഹാളിന്റെ ഒരു ഭാഗത്തെ ജനലിലൂടെയാണ് ആക്രമികൾ അകത്തു കടന്നതെന്നാണ് സംശയിക്കുന്നത്. സ്കൂൾ അധികൃതർ ചങ്ങനാശേരി പൊലീസിൽ പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |