
കോട്ടയം : ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ എത്തിച്ചേരുന്നയിടം. ഭൂരിഭാഗവും സാധാരണക്കാർ. എന്നാൽ രക്തപരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരക്കംപായേണ്ട ഗതികേടിലാണ് കൂട്ടിരിപ്പുകാർ. അതിന് രാത്രിയെന്നോ, പകലെന്നോ വ്യത്യാസമില്ല. കിടത്തി ചികിത്സയിൽ കഴിയുന്ന രോഗികളുടെ ബന്ധുക്കൾക്കാണ് കൂടുതൽ ദുരിതം. മിക്ക ദിവസവും രക്തം, കഫം, മൂത്രം തുടങ്ങിയവ പരിശോധിക്കണം. ആശുപത്രിയിലെ സെൻട്രലൈസിഡ് ലാബായ പൊടിപാറ ലാബിനെയാണ് ആശ്രയിക്കേണ്ടത്. രോഗികളുടെ കൂടെ മിക്കവാറും കൂട്ടിരിപ്പുകാരായുള്ളത് സ്ത്രീകളും കുട്ടികളുമായിരിക്കും. രക്തപരിശോധനയ്ക്ക് ഡോക്ടർ കുറിച്ച് നൽകിയാൽ നഴ്‌സുമാർ എടുത്തു നൽകുന്ന സാമ്പിളുകളുമായി ഇവർ വാർഡുകളിൽ നിന്ന് അകലെയുള്ള പൊടിപാറ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ലാബിലെത്തണം. തിരക്ക് കാരണം പണമടയ്ക്കുന്നതിനും, സാമ്പിളുകൾ പരിശോധനയ്ക്ക് നൽകുന്നതിനും മണിക്കൂറുകൾ കാത്തുനിൽക്കണം. ഈ സമയം വാർഡിൽ രോഗി ഒറ്റയ്ക്കായിരിക്കും. രാത്രി സമയത്ത് പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായതിനാൽ സ്ത്രീകളടക്കം ഭീതിയോടെയാണ് പോകുന്നത്.
വാർഡുകളിൽ കൗണ്ടർ വേണം
വാർഡുകളിൽ രോഗികളുടെ രക്തസാമ്പിളുകൾ ശേഖരിക്കുന്നതിന് പ്രത്യേകം കൗണ്ടറുകൾ ഏർപ്പെടുത്തുകയാണെങ്കിൽ ഏറെ ആശ്വാസമാകും. സ്ത്രീകളുടെയും, കുട്ടികളുടെയും സൂരക്ഷിതത്വം ഉറപ്പ് വരുത്താനുമാകും. നിലവിൽ അത്യാഹിത വിഭാഗത്തിൽ ഇത്തരത്തിൽ രക്തം എടുക്കുന്നതിനും സാമ്പിളുകൾ ശേഖരിക്കുന്നതിനും കുത്തിവയ്പ് മുറിയോട് ചേർന്ന് പ്രത്യേകം കൗണ്ടറുണ്ട്. ഇവിടെ ശേഖരിക്കുന്ന സാമ്പിളുകൾ ജീവനക്കാർ പൊടിപാറ ലാബിൽ എത്തിക്കും. പരിശോധന ഫലവും അത്യാഹിത വിഭാഗത്തിൽ എത്തിച്ച് നൽകും.
''അത്യാഹിത വിഭാഗത്തിലെ സംവിധാനം ആശുപത്രിയിലെ എല്ലാ വാർഡുകളിലും ഏർപ്പെടുത്തുകയാണെങ്കിൽ കിടത്തി ചികിത്സയിലുള്ള രോഗികൾക്കും കൂട്ടിപ്പുകാർക്കും ഏറെ പ്രയോജനകരമാണ്.
-ശിവരഞ്ജിനി, കൂട്ടിരിപ്പുകാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |