കോട്ടയം: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കോട്ടയം നഗരത്തിൽ കാൽനടയാത്രയും അസാദ്ധ്യം. കുരുക്ക് പരിഹരിക്കാൻ സ്പീക്കർ മുൻകൈയെടുത്തതോടെ തങ്ങളുടെ ദുരിതവും കണ്ടില്ലെന്ന് നടിക്കരുതെന്നാണ് ഇവർക്ക് പറയാനുള്ളത്. അപകടരഹിതമായി റോഡ് കുറുകെ കടക്കുന്നതിനുള്ള ഒരു സൗകര്യവും കോട്ടയത്തില്ല. ആവശ്യത്തിന് സീബ്രാലൈനില്ല. ഉള്ളിടത്ത് വര മാഞ്ഞ നിലയിലുമാണ്. സീബ്രാലൈനിൽ വാഹനങ്ങൾ നിറുത്തണമെന്നാണ് നിയമമെങ്കിലും പല ഡ്രൈവർമാരും ഇത് പാലിക്കാറില്ല. മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിന് സമീപം നിർമ്മിച്ചത് പോലെ തിരക്കേറിയ സ്ഥലങ്ങളിൽ ഭൂഗർഭപാത നിർമ്മിക്കണമെന്നാവശ്യം. ഇതിന് ചെലവ് കൂടുതലാണേൽ താത്കാലിക ഫുട് ഓവർ ബ്രിഡ്ജുകൾ തീർക്കാം. നഗരസഭ കവാടത്തിൽ നിന്ന് ശാസ്ത്രി റോഡിലെ ബസ് സ്റ്റോപ്പിലേക്ക് എത്താൻ കഴിയുന്ന ഫുട് ഓവർ ബ്രിഡ്ജ് ഫുട്പാത്തിന് മുകളിൽ സജ്ജീകരിച്ച് ബേക്കർ ജംഗ്ഷനുമായി ബന്ധിപ്പിച്ചാൽ ഏറെ സഹായകമാകും. ഗാന്ധി സ്ക്വയർ, സെൻട്രൽ ജംഗ്ഷൻ, ചന്തക്കവല, നാഗമ്പടം എന്നിവിടങ്ങളിലെല്ലാം ഇത് പരിഗണിക്കാം. സെൻട്രൽ ജംഗ്ഷനിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാനുള്ള നീക്കം നേരത്തേ ഉപേക്ഷിച്ചത് ചില വ്യാപാരികളുടെ എതിർപ്പിനെ തുടർന്നായിരുന്നു.
വിദഗ്ദ്ധസമിതി പരിശോധന ഇന്ന്
ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം തേടുന്നതിന്റെ ഭാഗമായി കളക്ടറുടെ നേതൃത്വത്തിൽ വിദഗ്ദ്ധസമിതി ഇന്ന് രാവിലെ 10.30 മുതൽ ചിങ്ങവനം മുതൽ സംക്രാന്തി വരെയുള്ള ഇടങ്ങളിലെ ഗതാഗത സാഹചര്യം വിലയിരുത്തും.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകൈയെടുത്താണ് സമിതി രൂപീകരിച്ചത്. റിപ്പോർട്ട് നാറ്റ്പാക്ക് വിദഗ്ദ്ധരടക്കം വിലയിരുത്തിയാകും ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ തയ്യാറാക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |