
കോട്ടയം: ജില്ലയിലെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചെങ്കിലും 2,178 വിദ്യാർത്ഥികൾക്ക് ഇനിയും പ്രവേശനം ലഭിച്ചിട്ടില്ല. മെറിറ്റ്, മാനേജ്‌മെന്റ്, വിവിധ ക്വാട്ട സീറ്റുകളിലായി ആയിരക്കണക്കിന് ഒഴിവുകൾ ശേഷിക്കുന്നതിനാൽ സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്കാണ് ഇനി വിദ്യാർത്ഥികളുടെ പ്രതീക്ഷ. ആകെ ലഭിച്ച 19,706 അപേക്ഷകളിൽ 17,528 പേർക്കാണ് ഇതുവരെ പ്രവേശനം ലഭിച്ചത്. ജില്ലയിൽ 14,095 മെറിറ്റ് സീറ്റുകളാണുള്ളത്. ഇതിൽ 13,411 സീറ്റുകളിലെ പ്രവേശനം പൂർത്തിയായപ്പോൾ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി 684 മെറിറ്റ് സീറ്റുകൾ ഇപ്പോഴും ഒഴിവുണ്ട്. 1,314 മാനേജ്‌മെന്റ് സീറ്റുകളിലും പ്രവേശനം പൂർത്തിയായിട്ടില്ല. വിവിധ സംവരണ വിഭാഗങ്ങൾക്ക് മാറ്റിവെച്ച സീറ്റുകൾ ഒഴികെയുള്ള ഒഴിവുകളിൽ മാനേജ്‌മെന്റ് പ്രവേശനം ലഭിക്കും. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, സ്‌പോർട്‌സ് ക്വാട്ട എന്നിവ ഉൾപ്പെടെ ജില്ലയിൽ ആകെ 22,064 പ്ലസ് വൺ സീറ്റുകളാണുള്ളത്. ഇതിൽ 4,536 സീറ്റുകൾ ഇപ്പോഴും ഒഴിവായി കിടക്കുകയാണ്.
അപേക്ഷ പുതുക്കാൻ അവസരം
വിഷയാടിസ്ഥാനത്തിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ സയൻസ് വിഭാഗത്തിൽ 1,199 സീറ്റും കൊമേഴ്‌സിൽ 589 സീറ്റും ഹ്യൂമാനിറ്റീസിൽ 559 സീറ്റും ഒഴിവുണ്ട്. ആദ്യഘട്ട അലോട്ട്‌മെന്റിൽ സീറ്റ് ലഭിക്കാത്തവർക്കും അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതിനെ തുടർന്ന് പരിഗണന ലഭിക്കാത്തവർക്കും ഓപ്ഷനുകൾ നൽകാതിരുന്നതിനാൽ അലോട്ട്‌മെന്റിൽ ഉൾപ്പെടാത്തവർക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിഷേധിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ പുതുക്കാൻ അവസരമുണ്ട്. ഇതിനുള്ള അപേക്ഷ സ്വീകരിക്കൽ 13 മുതൽ ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |