
തിരുവനന്തപുരം: പ്ലസ് വൺ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേയും അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 81770 സീറ്റുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. 58042 വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ ലഭിച്ചു. 5992 സീറ്റുകൾ മാത്രമാണ് ഒഴിച്ചിട്ടിരിക്കുന്നത്.
പ്ലസ് വണ്ണിന് മെരിറ്റിൽ 3,15,874 സീറ്റുകളാണുള്ളത്. മൂന്നാമത്തെ അലോട്ട്‌മെന്റിൽ ഉൾപ്പെടെ 3,11,204 സീറ്റുകൾ അലോട്ട് ചെയ്തു. ഒന്നും രണ്ടും അലോട്ട്‌മെന്റുകളിലായി 2,29,435 പേർ പ്രവേശനം നേടിയിരുന്നു. ഇതിൽ 1,43,351 പേർ സ്ഥിരം പ്രവേശനവും 86,084 പേർ താൽക്കാലിക പ്രവേശനവുമാണ് നേടിയത്. സീറ്റ് പ്രതിസന്ധിയുള്ള മലപ്പുറത്ത് പുതിയതായി 18987 സീറ്റുകൾ പുതിയ അലോട്ട്‌മെന്റിൽ ഉൾപ്പെട്ടിട്ടുണ്ട്.സ്‌പോർട്സ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു. 4939 സീറ്റുകൾ അലോട്ട് ചെയ്തിട്ടുണ്ട്. 3251 സീറ്റുകളാണ് ഇനി ശേഷിക്കുന്നത്. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ 1198 സീറ്റുകൾ അലോട്ട് ചെയ്തിട്ടുണ്ട്. 331 സീറ്റുകളാണ് ശേഷിക്കുന്നത്.
അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഇന്ന് രാവിലെ 11 മണി മുതൽ പ്രവേശനം നേടാം. ജൂലായ് 3ന് വൈകിട്ട് 5 മണി വരെയാണ് പ്രവേശനത്തിന് അവസരം. അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ലെ തേഡ് അലോട്ട് റിസൾട്ട് എന്ന ലിങ്കിലൂടെ ലഭിക്കും.അലോട്ട്‌മെന്റ് ലഭിച്ചവർ അലോട്ട്‌മെന്റ് ലെറ്ററിൽ പറഞ്ഞിട്ടുള്ള സ്‌കൂളിൽ രക്ഷാകർത്താവിനൊപ്പം പ്രവേശനത്തിനെത്തണം. താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ നിലനിറുത്താൻ ഇനി അവസരമില്ല. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീസടച്ച് പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്നവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |