
കോട്ടയം: മൺസൂണിൽ യാത്രയുടെ ആനന്ദം നുകരുകയാണ് സഞ്ചാരികൾ.
മഴയും മഞ്ഞും കോടയും തണുപ്പും തേടിയുള്ള യാത്രയെ സമ്പുഷ്ടമാക്കുന്നു ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ. മലയോരങ്ങളിലെ വെള്ളച്ചാട്ടം കാണാനും അതിൽ നീരാടാനും ആസ്വദിക്കാനും സഞ്ചാരികൾ എത്തുകയാണ്.
മാർമല അരുവി
തീക്കോയി പഞ്ചായത്തിലെ മർമല അരുവി ജില്ലയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ്. നാൽപ്പത് അടി ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. ചുറ്റും മരങ്ങളും പാറക്കെട്ടുകളും നിറഞ്ഞയിടമാണിത്. മർമലയിൽ നീന്നും ഒഴുകിയെത്തുന്ന മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് മർമല അരുവി. റോഡിൽ നിന്ന് അരക്കിലോമീറ്റർ കാൽനടയായി നടന്നുവേണം ഇവിടേക്ക് എത്താൻ. അപകടം നിറഞ്ഞയിടമാണ് ഇവിടം. നിരവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.
കട്ടിക്കയം വെള്ളച്ചാട്ടം
ചെടികൾക്കും മരങ്ങൾക്കും ഇടയിലൂടെ കുത്തനെയുള്ള ഇറക്കം ഇറങ്ങിച്ചെല്ലുമ്പോൾ കാണാം കട്ടിക്കയം വെള്ളച്ചാട്ടം. ഉയരത്തിൽ നിന്ന് വെള്ളം നുരഞ്ഞ് പതിഞ്ഞ് താഴേക്ക് പതിക്കുന്ന കാഴ്ച സഞ്ചാരികളുടെ മനസ് നിറയ്ക്കും. മൂന്നിലവ് പഞ്ചായത്തിലാണ് കട്ടിക്കയം. ഇല്ലിക്കൽകല്ലിന് നാല് കിലോമീറ്റർ അകലെയാണിത്. മെയിൻ റോഡിൽ നിന്ന് ഒരു കിലോമീറ്ററോളം സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിന് സമീപത്തെത്താം. അൻപത് അടി ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്.
അരുവിക്കച്ചാൽ
100 അടിയിലധികം ഉയരത്തിൽ നിന്നാണ് ഇവിടേക്ക് വെള്ളം പതിക്കുന്നത്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴയ്ക്ക് സമീപമാണ് അരുവിക്കച്ചാൽ വെള്ളച്ചാട്ടം . ഈരാറ്റുപേട്ടയിൽ നിന്നും പൂഞ്ഞാർ മുണ്ടക്കയം റോഡിൽ 13 കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിലെത്താം. പാതാമ്പുഴ ജംഗ്ഷന് സമീപത്ത് നിന്ന് പഞ്ചായത്ത് റോഡിലേക്ക് തിരിഞ്ഞുവേണം ഇവിടേക്കെത്താൻ. ഉൾപ്രദേശമായതിനാൽ യാത്ര ക്ലേശകരമാണ്. കയറ്റംകയറി വേണം വാഹനങ്ങളെത്താൻ. വഴി തെറ്റാനും സാദ്ധ്യതയുണ്ട്.
കടവുപുഴ അരുവി
ഇല്ലിക്കൽകല്ലിനും കട്ടിക്കയം വെള്ളച്ചാട്ടത്തിനും സമീപമാണ് കടവുപുഴ അരുവി. മൂന്നിലവ് ടൗണിൽ നിന്ന് 3.5 കിലോമീറ്റർ ദൂരവും മേച്ചാലിൽ നിന്ന് രണ്ട് കിലോമീറ്ററും അകലെ റോഡിനോട് ചേർന്നാണ് കടവുപുഴ വെള്ളച്ചാട്ടം. അരക്കിലോമീറ്റർ റോഡിലൂടെ സഞ്ചരിച്ചാൽ കടവുപുഴ അരുവി കാണാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |