SignIn
Kerala Kaumudi Online
Thursday, 16 July 2026 4.40 AM IST

നാളെ കർക്കടകം ഒന്ന്....... ഇനിയെങ്ങും രാമായണ ശീലുകളാൽ മുഖരിതം

ss

കോട്ടയം : നാളെ കർക്കടകം ഒന്ന്. തുഞ്ചന്റെ പൈങ്കിളി പാടിയ രാമകഥാശീലുകൾ ഇനി പുലരികളിലും സന്ധ്യകളിലും മുഴങ്ങിക്കേൾക്കും. കർക്കടകം ഭൂമിയെ നനയ്ക്കുന്ന കാലമാണ്. വിളവെടുപ്പുത്സവമായ ഓണത്തിനു മുൻപുള്ള പെരുംപെയ്ത്ത്. ഇടമുറിയാതെ പെയ്യുന്ന മഴ ഭൂമിയെ തണുപ്പിക്കുമ്പോൾ, ഉൾത്താപം കുറയ്ക്കാനും മനസിനെ സദ്ചിന്തകളിലേക്കു നയിക്കാനുമാണ് രാമായണ വായന. രാമന്റെ ധർമ്മസങ്കടങ്ങളിലൂടെ, സീതയുടെ കഠിനദുഃഖങ്ങളിലൂടെ വായിക്കുന്നയാളും നടക്കുന്നു. മാതാപിതാക്കളും മക്കളും, സഹോദരങ്ങളും ഭാര്യയും, ഭർത്താവും സുഹൃത്തും എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും നമ്മെ പഠിപ്പിക്കുന്നു. ബാലകാണ്ഡത്തിൽ തുടങ്ങി യുദ്ധകാണ്ഡത്തിലെ ശ്രീരാമ പട്ടാഭിഷേകത്തോടെയാണ് സമാപനം. ഉത്തര രാമായണ ഭാഗം വായിക്കാറില്ല. നാലമ്പല ദർശനവും ഉത്തമമാണ്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


രാമായണ വില്പന കാലം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഏറ്റവും കൂടുതൽ വിറ്റഴിയുന്നത് കർക്കടക്കത്തിലാണ്. എസ്.പി.സി.എസ്, ഡി.സി ബുക്‌സ്, വിദ്യാരംഭം ,കുരുക്ഷേത്ര പബ്ലിക്കേഷഷൻസ് തുടങ്ങിയ പ്രസാധകർക്ക് പുറമെ തിരുവിതാംകൂർ ദേവസ്വംബോർഡ് വക പ്രമുഖ ക്ഷേത്രങ്ങളിൽ ഡിസ്‌ക്കൗണ്ടോടെ അദ്ധ്യാത്മ രാമായണം ലഭിക്കും .വലിയ അക്ഷരങ്ങളോടെ പ്രായമുള്ളവർക്കും, അനായാസം വായിക്കാൻ കഴിയുന്ന ഡീലക്‌സ് പതിപ്പും, സാധാരണ പതിപ്പുമുണ്ട്. ഓൺലൈനിലും ഇ - ബുക്കായും രാമായണം ലഭിക്കും. യാത്രയ്ക്കിടയിൽ മൊബൈലിൽ കേൾക്കാൻ ഓഡിയോയും പുറത്തിറങ്ങി. ബാലകാണ്ഡം മുതൽ യുദ്ധകാണ്ഡം വരെയുളള ആറ് കാണ്ഡങ്ങളും തിരഞ്ഞെടുത്ത ചിത്രങ്ങളുമുമായി രാമായണം മൊബൈൽ ആപ്പുമിറങ്ങിയിട്ടുണ്ട്. പ്ളേ സ്റ്റോറിൽ രാമായണ പാരായണം എന്ന് ഇംഗ്ളീഷിൽ ടെെപ്പ് ചെയ്താൽ എഴുത്തച്ഛന്റെ ചിത്രമുളള ആപ്പ് ഡൗൺലോഡ് ചെയ്യാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KARKADAKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL