കോട്ടയം: ഓണത്തിരക്കിലേക്കായി മലയാളികൾ. പൂക്കളമൊരുക്കാനുള്ള ഒരുക്കങ്ങൾ എല്ലായിടത്തും സജീവം. തമിഴ്‌നാട്ടിൽ നിന്നെത്തിച്ച ചെണ്ടുമല്ലിയും ജമന്തിയും വിപണിയിൽ നിറഞ്ഞു. പക്ഷേ വിലയാണ് പ്രശ്നം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പൂക്കൾക്ക് തീവിലയെന്ന് എല്ലാവരും ഒരേസ്വരത്തിൽ പറയുന്നു.
തമിഴ്‌നാട്ടിലെ ദിണ്ടിഗൽ, നീകോട്ട വെസ്റ്റ് ഫസ്റ്റ് മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നാണ് പൂക്കൾ ജില്ലയിലെത്തിച്ചിരിക്കുന്നത്. തിരുനക്കര മൈതാനത്ത് പൂക്കച്ചവടം സജീവമായി. 100 രൂപയ്ക്ക് വിവിധ പൂക്കൾ ഇടകലർത്തിയ പൂക്കിറ്റും ലഭ്യമാണ്. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലിക്കാണ് ആവശ്യക്കാരേറെ. അരളി റെഡ്, വൈറ്റ് എന്നിവയ്ക്ക് കിലോയ്ക്ക് 600 രൂപയും റോസ് അരളിക്ക് 400 രൂപയുമാണ് വില. റോസപ്പൂവിന് 500 രൂപയാണ് ഈടാക്കുന്നത്. താമരയ്ക്ക് ഒന്നിന് 10 രൂപയുമാണ് വില. മുല്ലപ്പൂവിന് മീറ്ററിന് 150 രൂപയും കിലോയ്ക്ക് 1,300 രൂപയുമാണ്.
ഇനി പിടിച്ചാൽ കിട്ടില്ല
ഓണത്തിരക്ക് കൂടുന്നതിനനുസരിച്ച് വരും ദിവസങ്ങളിൽ പൂക്കളുടെ വില ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് തിരുനക്കരയിലെ കച്ചവടക്കാർ പറഞ്ഞു. പൂക്കൾ മുൻകൂട്ടി ബുക്ക് ചെയ്യാനും ആളുകൾ എത്തിത്തുടങ്ങി. ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ നിന്ന് പൂക്കളെ സംരക്ഷിക്കാൻ തിരുനക്കര മൈതാനത്തിന് സമീപം ഇത്തവണ താത്ക്കാലിക ഷെഡും ഒരുക്കിയിട്ടുണ്ട്.
ചെണ്ടുമല്ലി (കിലോയ്ക്ക്): 300 രൂപ
വാടാമല്ലി (കിലോയ്ക്ക്): 300 രൂപ
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പൂക്കൾക്ക് വില കൂടുതലാണ്. കഴിഞ്ഞ പത്ത് വർഷമായി മുടങ്ങാതെ അത്തം മുതൽ തിരുനക്കരയിൽ എത്തുന്നുണ്ട്. തിരുവോണം വരെ നഗരത്തിൽ തുടരും. (മല്ലുചാമി, കച്ചവടക്കാരൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |