SignIn
Kerala Kaumudi Online
Sunday, 30 August 2026 4.10 AM IST

എ.ഐ സെലിബ്രിറ്റി വീഡിയോകൾ മുതൽ വ്യാജ ആപ്പുകൾ വരെ  ട്രേഡിംഗ് തട്ടിപ്പിന്റെ കെണിയിൽ വീഴരുത്

trading

കോട്ടയം: വലിയ ലാഭം പ്രതീക്ഷിച്ച് പണം നിക്ഷേപിക്കും. തട്ടിപ്പെന്ന് തിരിച്ചറിയുമ്പോൾ പണം നഷ്ടമായി കഴിഞ്ഞിരിക്കും.

സിനിമാതാരങ്ങളും വ്യവസായികളും ഓൺലൈൻ ട്രേഡിംഗിലൂടെ ലാഭം നേടിയെന്ന് വിശ്വസിപ്പിക്കുന്ന എ.ഐ വ്യാജ വീഡിയോകളും ട്രേഡിംഗ് ആപ്പുകളും ഉപയോഗിച്ച് സാധാരണക്കാരുടെ പണം തട്ടുന്ന സംഘങ്ങൾ സജീവമാകുകയാണ്. വൻലാഭം പ്രതീക്ഷിച്ച് നിക്ഷേപം നടത്തി പണം നഷ്ടപ്പെടുന്നവരുടെ എണ്ണം പെരുകുകയാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ അമിതലാഭം എന്ന വാഗ്ദാനത്തിലാണ് പലരും വീണുപോകുന്നത്. സിനിമാതാരങ്ങൾ ഉൾപ്പെടെ ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിലൂടെ പണം സമ്പാദിച്ചതായി വിശ്വസിപ്പിക്കും. യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ബാങ്ക് അക്കൗണ്ടുകൾ ചെറിയ കമ്മിഷൻ നൽകി വാടകയ്‌ക്കെടുക്കുന്നതും സംഘത്തിന്റെ രീതിയാണ്.

വലവിരിച്ച് വ്യാജആപ്പുകളും
പ്ലേ സ്റ്റോറിൽ ലഭ്യമല്ലാത്തതോ ട്രേഡിംഗ് ആപ്പുകളോട് സാമ്യമുള്ള എ.പി.കെ ഫയലുകൾ വഴി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിച്ചാണ് നിക്ഷേപകരെ കബളിപ്പിക്കൽ. വാട്‌സ് ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ആളുകളെ ചേർത്ത് സ്റ്റോക്ക് ടിപ്‌സുകളും നിക്ഷേപനിർദേശങ്ങളും നൽകും. ഗ്രൂപ്പിലെ ഭൂരിഭാഗം പേരും തട്ടിപ്പുസംഘത്തിന്റെ ആളുകളായിരിക്കും. അവർക്ക് വൻലാഭം ലഭിച്ചതായി പങ്കുവയ്ക്കുന്ന സ്‌ക്രീൻഷോട്ടുകളും സന്ദേശങ്ങളും കണ്ട് സാധാരണക്കാർ വിശ്വസിച്ച് നിക്ഷേപം നടത്തും.

കെണി ഇങ്ങനെ

ആദ്യം ചെറിയ തുക നിക്ഷേപിക്കാൻ ആവശ്യപ്പെടും. കൃത്യമായി ലാഭം നൽകി ആദ്യം വിശ്വാസം നേടിയെടുക്കും. പിന്നീട് വലിയ തുക നിക്ഷേപിച്ചാൽ പണം പിൻവലിക്കാൻ കഴിയാത്ത അവസ്ഥയാകും.

ജാഗ്രതൈ വേണം
1ഓൺലൈൻ ട്രേഡിംഗ്, ഷെയർ മാർക്കറ്റ്, ക്രിപ്‌റ്റോ കറൻസി തുടങ്ങിയവയിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ ലാഭം വാഗ്ദാനം ചെയ്യും.

2പരിചയമില്ലാത്ത വ്യക്തികൾ അയയ്ക്കുന്ന ലിങ്കുകളിൽ പ്രവേശിക്കുകയോ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും കൈമാറുകയോ പണം നിക്ഷേപിക്കുകയോ ചെയ്യരുത്.

1930

സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ 1930 എന്ന ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടണം. cybercrime.gov.in എന്ന പോർട്ടൽ മുഖേനയും പരാതി നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, TRADING APP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL