കോഴിക്കോട്: മഴക്കാലത്ത് പുഴകളിൽ വന്നടിയുന്ന ടൺ കണക്കിന് മണ്ണും കല്ലും മാലിന്യങ്ങളും നീക്കം ചെയ്യാൻ കൃത്യമായ പദ്ധതികളില്ലാത്തതാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള വെള്ളക്കെട്ടിന് കാരണമെന്ന് ആക്ഷേപം. മഴക്കാല പൂർവ ശുചീകരണവും കാര്യക്ഷമമല്ല. മഴയ്ക്ക് തൊട്ടു മുൻപ് തുടങ്ങുന്ന ശുചീകരണം എങ്ങുമെത്താതെ അവസാനിക്കുകയാണ് പതിവ്. കോഴിക്കോട് ജില്ലയ്ക്ക് ഒരു കോടി രൂപ അനുവദിച്ചിട്ടും കൃത്യമായി ശുചീകരണം നടന്നില്ലെന്ന് ഇത്തവണയും പരാതിയുയർന്നു. കോഴിക്കോട് നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ കല്ലായിപ്പുഴ ആഴം കൂട്ടൽ പൂർത്തിയായിട്ടില്ല. ഒരു കൊല്ലം കൊണ്ട് ഡ്രഡ്ജിംഗ് പൂർത്തിയാക്കേണ്ടത് രണ്ട് കൊല്ലത്തോടടുക്കുമ്പോഴും ഇഴയുകയാണ്. പൂനൂർ പുഴയിലെ മണ്ണ് നീക്കിയിട്ടും വർഷങ്ങളായി. പുഴയുടെ ആഴം കുറയുന്നതോടെ വെള്ളപ്പൊക്കമുണ്ടാകുന്നു. പുഴകളിൽ മരങ്ങളും പാഴ്ചെടികളും വളർന്ന് ഒഴുക്ക് തടസ്സപ്പെടുന്നുമുണ്ട്. കോരപ്പുഴ ആഴം കൂട്ടാനുള്ള ഡ്രഡ്ജിംഗ് പ്രവൃത്തിയും ഇഴഞ്ഞുനീങ്ങുകയാണ്.
പുഴകളിൽ ഇങ്ങനെ
കോരപ്പുഴ
കോരപ്പുഴയിലെ നീരൊഴുക്ക് സുഗമമാക്കാനുള്ള പദ്ധതിക്ക് അനുമതി കിട്ടിയത് 2022ലാണ് . 2.84 കോടി രൂപയ്ക്ക് പെരുമ്പാവൂരിലെ കരാറുകാരനാണ് ടെൻഡറെടുത്തത്. കോരപ്പുഴ റെയിൽപാലം മുതൽ അഴിമുഖം വരെ ആഴം കൂട്ടാനായിരുന്നു പദ്ധതി. എന്നാൽ പ്രവൃത്തിയുടെ മറവിൽ മണൽക്കൊള്ള നടന്നതായി കേരള പരിസ്ഥിതി സംരക്ഷണ സമിതി ആരോപിക്കുന്നു. കളക്ടർക്ക് പരാതി കിട്ടിയതിനാൽ പ്രവൃത്തി താത്കാലികമായി നിറുത്തിവച്ചു.
കല്ലായിപ്പുഴ
കല്ലായിപ്പുഴയിൽ 2025 ഫെബ്രുവരിയിൽ ആരംഭിച്ച ചെളിനീക്കൽ മന്ദഗതിയിലാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇപ്പോൾ പ്രവൃത്തി നിറുത്തിയിരിക്കുകയാണ്. 2024 ഒക്ടോബർ 22നാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. കോതി അഴിമുഖത്തുനിന്ന് മാങ്കാവ് കടുപ്പിനി വരെയുള്ള ചെളിയും മാലിന്യങ്ങളും നീക്കാനാണ് കരാർ.
പൂനൂർ പുഴ
പൂനൂർ പുടയ്ക്ക് 53 കിലോമീറ്ററുണ്ട്. കോഴിക്കോട് കോർപ്പറേഷന്റെ ചില ഭാഗങ്ങളിലൂടെയും 11 പഞ്ചായത്തുകളിലൂടെയും ഒഴുകുന്നു. കക്കയം ഡാം തുറന്നതാണ് വെള്ളക്കെട്ടിന് കാരണമത്രേ. അല്ലെന്ന വാദവുമുണ്ട്. അടിത്തട്ടിന് ചെരിവ് കുറവായതിനാൽ ചെളിയും മറ്റും അടിയാനുള്ള സാദ്ധ്യതയേറെയാണ്. കൃത്യമായി ചെളി നീക്കേണ്ടതുണ്ട്.
വിലങ്ങാട് പുഴ
ഉരുൾപൊട്ടലിനെ തുടർന്ന് വിലങ്ങാട് പുഴയിൽ അടിഞ്ഞുകൂടിയ കല്ലും മണ്ണും നീക്കം ചെയ്യാത്തത് അവിടെയും വെള്ളപ്പൊക്ക സാദ്ധ്യത വർദ്ധിപ്പിക്കുന്നു. രണ്ടര കോടി രൂപ ചെലവിൽ ഇതിനു മുൻപ് പുഴ ശുചീകരിച്ചെങ്കിലും പ്രശ്നം തീർന്നില്ല. കരയ്ക്കിട്ട മണ്ണും കല്ലുമൊക്കെ വീണ്ടും പുഴയിലെത്തി. തുടർന്ന് വിലങ്ങാട് ടൗണിലടക്കം വെള്ളപ്പൊക്കമുണ്ടാകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |