കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കനത്ത മഴയ്ക്ക് ഇന്നലെ ശമനമുണ്ടായെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. മഴ കുറഞ്ഞതിനാൽ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ജലനിരപ്പ് ഉയരുന്നില്ലെന്നത് ആശ്വാസമാണ്. വെള്ളം മുഴുവനായും താഴാതെ ക്യാമ്പുകളിലുള്ളവർക്ക് വീടുകളിലേക്ക് പോകാനാവാത്ത സ്ഥിതിയാണ്. അതേസമയം വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളിലെ ക്യാമ്പുകളിലുള്ളവരിൽ കുറച്ചു പേർ ക്യാമ്പ് വിട്ടതായും വിവരമുണ്ട്. കഴിഞ്ഞ ദിവസം 1021 പേർ ഉണ്ടായിരുന്നത് ഇന്നലെ 833 ആയി കുറഞ്ഞു. 30 ക്യാമ്പുകളുണ്ടായിരുന്നത് ഇന്നലെ 21 എണ്ണമായും കുറഞ്ഞിട്ടുണ്ട്. വെളളം കയറിയ വീടുകൾ ശുചിയാക്കുന്നതിൽ വലിയ പ്രതിസന്ധിയാണ് വീട്ടുടമകൾ നേരിടുന്നത്. പലയിടത്തും വീടിനോട് ചേർന്നുള്ള കിണറുകൾ ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. വീടുകൾക്ക് ഇത് അപകടഭീഷണിയുണ്ടാക്കുന്നു. ഗ്രാമങ്ങളിലെ വെള്ളം നിറഞ്ഞ ഇടവടികളിലൂടെ പോകാനാവില്ല. ഗതാഗതക്കുരുക്കിനും പലയിടത്തും ശമനമായിട്ടില്ല. ചെറുവറ്റക്കടവ്, മാളിക്കടവ്, തടമ്പാട്ടുതാഴം, കണ്ണാടിക്കൽ, വടക്കേ വയൽ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ടും ദുരിതവും തുടരുന്നുണ്ട്. കോഴിക്കോട് കണ്ണാടിക്കലിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. വെള്ളിമാടുകുന്ന് അഗ്നിശമന സോനാംഗങ്ങളായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ വെള്ളം കൂടുന്ന സ്ഥിതിയും അപകടസ്ഥിതിയുമില്ലെന്ന് അവർ പറഞ്ഞു. താമരശ്ശേരി, വിലങ്ങാട് മേഖലയിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മഴ കുറവായിരുന്നു.
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോഴിക്കോട്: ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാമ്പ് അവസാനിക്കുന്നത് വരെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |