SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

ദുരിതാശ്വാസക്യാമ്പിൽ അതിജീവന കഥ പറഞ്ഞ് പസ്‌കി; ആശ്വാസമേകി സാഹിത്യനഗരം

camp
അതിജീവന കഥ കേൾക്കുന്ന ക്യാമ്പ് അംഗങ്ങൾ

കോഴിക്കോട്: പുറത്ത് തോരാതെ പെയ്യുന്ന മഴയും വീടുകളിൽ വെള്ളം കയറിയതിന്റെ വേവലാതികളും ക്യാമ്പിന്റെ നാൽച്ചുവരുകൾക്കുള്ളിൽ വിതച്ച മനോവിഷമങ്ങളെ കുറച്ചുനേരം മാറ്റിവച്ച് എല്ലാവരും കഥ കേൾക്കുന്ന കുട്ടികളായി മാറി.

ചെറിയ ചില വെള്ളപ്പൊക്കങ്ങൾ ചിലപ്പോഴെങ്കിലും വലിയ പ്രളയങ്ങളുടെ പ്രയാസം കുറയ്ക്കാൻ ഉപകരിക്കുമെന്ന് പസ്‌കി പറഞ്ഞപ്പോൾ പലരും തലയാട്ടി. പ്രൊവിഡൻസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ ചൊവ്വാഴ്ച രാവിലെ അരങ്ങേറിയത് കേവലമൊരു കഥ പറച്ചിലായിരുന്നില്ല. സങ്കടക്കടലിലകപ്പെട്ട മനുഷ്യർക്ക് പ്രകാശവും ആശ്വാസവും പകരാനായി സംഘടിപ്പിച്ച വേറിട്ടൊരു സാംസ്‌കാരിക കൂട്ടായ്മയായിരുന്നു.

വെള്ളപ്പൊക്കത്തിലും പ്രകൃതിദുരന്തങ്ങളിലും വീടും സമ്പാദ്യങ്ങളും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വരുന്ന മനുഷ്യർ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങൾക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് കോർപ്പറേഷൻ സാഹിത്യനഗരം ഇത്തരമൊരു കഥ പറച്ചിൽ സംഘടിപ്പിച്ചത്.

പുസ്തകത്താളുകളിലെ കെട്ടുകഥകൾക്ക് പകരം, ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ രതിയ ഗ്രാമത്തിൽ വിഷ്ണു സമുദായത്തിൽ പെട്ട 'രോഷ്നി ദേവി' എന്ന സ്ത്രീയുടെ യഥാർത്ഥ അതിജീവന കഥയാണ് പ്രശസ്ത കലാകാരിയും നാടക പ്രവർത്തകയുമായ പസ്‌കി അവതരിപ്പിച്ചത്. കടുത്ത സാമൂഹിക വിലക്കുകളും പ്രതിസന്ധികളും നേരിട്ടിട്ടും പുഞ്ചിരിയോടെയും ഉറച്ച നിലപാടുകളോടെയും സ്വന്തം ജീവിതം പടുത്തുയർത്തിയ രോഷ്നി ദേവിയുടെ കഥ ക്യാമ്പിലെ സ്ത്രീകൾക്കും മുതിർന്നവർക്കും ആത്മവിശ്വാസമേകി.

കഥയവതരണത്തിന് ശേഷം ഹരിയാനയിലുള്ള രോഷ്നി ദേവിയെ നേരിട്ട് ഫോണിൽ വിളിച്ച് ക്യാമ്പ് നിവാസികളുടെ സ്‌നേഹവും പ്രണാമവും അറിയിച്ചപ്പോൾ സദസ് വികാരനിർഭരമായി. ചടങ്ങിൽ സംസാരിച്ച പ്രൊവിഡൻസ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ആഷ്മിത, ക്യാമ്പ് ജീവിതം പഠിപ്പിക്കുന്ന വലിയ ജീവിതപാഠങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചു. പി.കെ. പാറക്കടവിന്റെ പ്രശസ്തമായ ലഘുകഥ ഉദ്ധരിച്ചു. മനുഷ്യർ ഫോൺ സ്‌ക്രീനുകളിലേക്ക് ചുരുങ്ങിപ്പോകുന്ന ഇക്കാലത്ത്, മുഖത്തോടു മുഖം നോക്കാനും സ്‌നേഹത്തോടും ക്ഷമയോടും കഴിയാനും ക്യാമ്പിലുള്ളവർക്ക് കഴിയട്ടെ എന്നും ആശംസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL