SignIn
Kerala Kaumudi Online
Saturday, 08 August 2026 3.59 AM IST

തറക്കല്ലിന് കാൽനൂറ്റാണ്ട്,​ മെഡി. കോളേജ് ബസ് ടെർമിനൽ ഇപ്പോഴും 'ഐ.സി.യു' വിൽ

med
മെഡിക്കൽ കോളേജിൽ നിന്ന് മായനാട്ടേക്കുള്ള റോഡിന് സമീപം ബസ് ടെർമിനലിനായി കണ്ടെത്തിയ സ്ഥലം കാടുമൂടിയ നിലയിൽ

കോഴിക്കോട്: വിവിധ ജില്ലകളിൽ നിന്ന് ആയിരക്കണക്കിന് രോഗികളെത്തുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ ബസ് ടെർമിനൽ നിർമ്മിക്കാൻ തറക്കല്ലിട്ടിട്ട് കാൽ നൂറ്റാണ്ട്. കരാർ കമ്പനിയുമായി ബി.ഒ.ടി അടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തിയായാൽ കെട്ടിടത്തിലെ ഷോപ്പുകളിൽ നിന്ന് കോഴിക്കോട് കോർപ്പറേഷന് വരുമാനം കിട്ടുന്ന പദ്ധതിയാണ്. ചെലവൊന്നുമില്ല. എന്നിട്ടും യാഥാർത്ഥ്യമായില്ല.

ആഭ്യന്തര വകുപ്പിന്റെ പരിധിയിൽ വരുന്ന സ്ഥലം നിർമ്മാണത്തിന് വിട്ടുകിട്ടേണ്ടതുണ്ട്. പാട്ടത്തിനാണോ സൗജന്യമായാണോ വേണ്ടതെന്ന് ആഭ്യന്തര വകുപ്പ് ചോദിച്ചെങ്കിലും കോർപ്പറേഷന് മിണ്ടാട്ടമില്ല. ഇതു സംബന്ധിച്ച ഫയൽ ബന്ധപ്പെട്ട സെക്ഷനിലെത്താതെ കറങ്ങി നടക്കുകയാണെന്നും പറയുന്നു. ഏറ്റവുമൊടുവിൽ നഗരാസൂത്രണ വിഭാഗത്തിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. ആക്ഷൻ ഫോറം ഭാരവാഹികൾ മന്ത്രിമാരായ കെ. മുരളീധരനെയും രമേശ് ചെന്നിത്തലയെയും കണ്ട് വിഷയം അവതരിപ്പിച്ചിരുന്നു. കോർപ്പറേഷനിൽ നിന്ന് ഫയൽ കിട്ടിയാൽ വേണ്ടതു ചെയ്യാമെന്നാണ് മന്ത്രിമാർ നൽകിയ ഉറപ്പ്.

മിൻഫ്ര (മലബാർ ഇൻഫ്രാസ്ട്രക്‌ച്ചേഴ്സ്) ലിമിറ്റഡാണ് കോർപ്പറേഷനുമായി നിർമ്മാണ കരാറിലേർപ്പെട്ടിട്ടുള്ളത്.

ക്രമക്കേടില്ല, എന്നിട്ടും ഇഴഞ്ഞ്

അഴിമതി ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന്റെ പേരിൽ ബന്ധപ്പെട്ട ഫയലുകൾ എടുത്തു മാറ്റിയെന്നും ആക്ഷേപമുണ്ടായി. എന്നാൽ നടപടികളിൽ ക്രമക്കേടില്ലെന്ന് ഹൈക്കോടതി വിധിയുണ്ടായെങ്കിലും പദ്ധതി ഇഴഞ്ഞു. ആംബുലൻസ്, ടാക്‌സി, ഓട്ടോ അടക്കമുള്ള വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പൊലീസ് സ്റ്റേഷനോട് ചേർന്ന 60 സെന്റ് സ്ഥലം കോർപ്പറേഷൻ ഏറ്റെടുത്ത് ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട നടപടി ക്രമം പൂർത്തിയാക്കേണ്ടതുണ്ട്.
വ്യാപാര സമുച്ചയം, തിയേറ്ററുകൾ, രണ്ടാംനിലയിൽ കാർ, ഇരുചക്ര വാഹന പാർക്കിംഗ് സൗകര്യം എന്നിവ ടെർമിനലിൽ ഉണ്ടാകും.

കുരുക്കിൽ വലഞ്ഞ്

രൂക്ഷമായ ഗതാഗത കുരുക്കാണ് ഈ ഭാഗത്തുള്ളത്. പാർക്കിംഗിന് മതിയായ സംവിധാനമില്ല. രോഗികളും കൂട്ടിരിപ്പുകാരും വിദ്യാർത്ഥികളുമടക്കമുള്ളവർ ബുദ്ധിമുട്ടുന്നു. ആംബുലൻസുകൾ, ഡോക്ടർമാരുടെയും ജീവനക്കാരുടെയും വാഹനങ്ങൾ തുടങ്ങിയവ വേറെയും. അപകട സാദ്ധ്യതയും കുറവല്ല.

ബസ് ടെർമിനൽ ഇങ്ങനെ

തറക്കല്ലിട്ടത്....2009ൽ, നിലകൾ....8

ചെലവ്....200 കോടി

വിസ്തീർണ്ണം...5 ലക്ഷം ചതുരശ്രയടി

ബസ് ടെർമിനൽ ഇവിടെ

മെഡിക്കൽ കോളേജിൽ നിന്ന് മാവൂരിലേക്ക് തിരിയുന്ന മായനാട്ടേക്കുള്ള റോഡിന്റെ ഇടതുഭാഗത്തുള്ള മിൻഫ്രയുടെ 2.64 ഏക്കർ സ്ഥലമാണ് ടെർമിനലിനായി 2003ൽ കണ്ടെത്തിയത്. 2010ൽ പൂർത്തിയാക്കേണ്ടതായിരുന്നു. 2011ൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പദ്ധതി അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപണമുയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL