കോഴിക്കോട്: അങ്കണവാടികൾ സ്മാർട്ടാക്കാനുള്ള പദ്ധതിക്കായി കോടികൾ മുടക്കിയിട്ടും ഫലമില്ല. അടിസ്ഥാന സൗകര്യ വികസനത്തിനായി 36.47 കോടി കഴിഞ്ഞ സർക്കാർ വിവിധ പദ്ധതികളിലൂടെ ചെലവിട്ടിട്ടും വാടക കെട്ടിടത്തിലുള്ള അങ്കണവാടികളുടെ എണ്ണം 6,889 ആണ്. സംസ്ഥാനത്തെ 33120 അങ്കണവാടികളിൽ സ്വന്തം കെട്ടിടമുള്ളത് 24909 അങ്കണവാടികൾക്ക് മാത്രമാണ്. വാടകരഹിതമാണെങ്കിലും 1, 322 അങ്കണവാടികൾ പഞ്ചായത്ത് കെട്ടിടങ്ങൾ, സ്കൂളുകൾ, കമ്മ്യൂണിറ്റി ഹാളുകൾ, മറ്റ് സർക്കാർ കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടമില്ലാത്ത അങ്കണവാടികൾ കൂടുതൽ തലസ്ഥാനത്താണ് (1,020). കുറവ് വയനാട്ടിൽ (70). സ്വന്തം കെട്ടിടമില്ലാത്ത അങ്കണവാടികൾക്കായി 2026 മാർച്ചിൽ വാടകയിനത്തിൽ മാത്രം ചെലവഴിച്ചത് 2.11 കോടി രൂപയാണ്. വർഷംതോറും ഇത് 25 കോടിയിലേറെ രൂപയാണ്.
സ്മാർട്ടായത് 179 എണ്ണം
കുട്ടിക്കസേരകൾ, ചുമരുകളിലെ ചിത്രപ്പണികൾ, സ്മാർട്ട് ടിവി, കാർട്ടൂൺ, മ്യൂസിക്, വിവിധതരം കളിപ്പാട്ടങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി 179 അങ്കണവാടികൾ മാത്രമാണ് സ്മാർട്ടാക്കിയത്. 60 എണ്ണത്തിന്റെ പണികൾ വിവിധ ഘട്ടങ്ങളിലാണ്.
അടിസ്ഥാന സൗകര്യത്തിന് 11.15 കോടി
അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനം, അറ്റകുറ്റപ്പണികൾ, ബേബി ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ, കുടിവെള്ള സൗകര്യം, വൈദ്യുതീകരണം എന്നിവയ്ക്കായി വനിതാ-ശിശു വികസന വകുപ്പ് 11.15 കോടി രൂപയാണ് ചെലവിട്ടത്.
ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ജില്ല മലപ്പുറം (1.09 കോടി രൂപ )
രണ്ടാമത് തൃശൂർ (1.08 കോടി രൂപ).
ഏറ്റവും കുറവ് കാസർകോട് (44.74 ലക്ഷം രൂപ )
കെട്ടിട നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ചെലവഴിച്ചത് (25.32 കോടി രൂപ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |