കോഴിക്കോട്: ഓണം ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ലഹരി ഉപയോഗവും അനധികൃത മദ്യവിൽപ്പനയും തടയാൻ എക്സൈസ് നടത്തിയ ‘ഓണം ഡ്രൈവിൽ കുരുക്കിലായത് 124 പേർ. കഴിഞ്ഞ മാസം ഒന്നിന് ആരംഭിച്ച ഡ്രൈവിൽ സെപ്തംബർ ഒന്ന് വരെ മയക്കുമരുന്ന് കേസുകളിലായി 62 പേരും അബ്കാരി കേസുകളിലായി 73 പേരും അകത്തായി. കഴിഞ്ഞ വർഷം 187 പേരാണ് അറസ്റ്റിലായത്. 166 അബ്കാരി കേസുകളും 67 എൻ.ഡി.പി.എസ് കേസുകളും രജിസ്റ്റർ ചെയ്തു. 5,043 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.വിവിധ എൻ.ഡി.പി.എസ് കേസുകളിലായി ഒരു വാഹനവും 4.13 ലക്ഷം രൂപയും പിടിച്ചെടുത്തു. കഴിഞ്ഞ വർഷം സ്പെഷ്യൽ ഡ്രൈവിൽ വിദ്യാർത്ഥികളടക്കം 187 പേരാണ് അറസ്റ്റിലായത്. വ്യാജമദ്യവും ലഹരിവസ്തുക്കളുടെ കടത്തും വിപണനവും തടയാൻ ലക്ഷ്യമിട്ട് എക്സെെസ് ആരംഭിച്ച സ്പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവ് ഇന്നലെ അവസാനിച്ചു. പ്രധാന ഹോട്ട്സ്പോട്ടുകൾ, സ്പിരിറ്റ് സംഭരണത്തിന് സാദ്ധ്യതയുള്ള കേന്ദ്രങ്ങൾ, സ്ഥിരം കുറ്റവാളികളുടെ കേന്ദ്രങ്ങൾ, അനധികൃത മദ്യസംഭരണ കേന്ദ്രങ്ങൾ, വാറ്റ് ചാരായ നിർമ്മാണത്തിന് സാദ്ധ്യതയുള്ള പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം, സ്ട്രൈക്കിംഗ് ഫോഴ്സ്, രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിന് ഇന്റലിജൻസ് ടീം, ബോർഡിംഗ് പട്രോളിംഗ്, ഹൈവേ പട്രോളിംഗ്, ബൈക്ക് പട്രോളിംഗ് എന്നിവയുമുണ്ടായിരുന്നു
പിടിച്ചെടുത്തത് കുറവ്
7.734 കിലോഗ്രാം കഞ്ചാവ്, 21.911 ഗ്രാം എംഡിഎംഎ, 3.617 ഗ്രാം മെത്താംഫിറ്റമിൻ, 3.625 ഗ്രാം ഹാഷിഷ് ഓയിൽ, 324 ഗ്രാം കഞ്ചാവ് ചോക്ലേറ്റ് എന്നിവയും പിടികൂടി. കോട്പ നിയമപ്രകാരം 309 കേസുകളും കണ്ടെത്തി. 308 പേരിൽനിന്നായി 61,601 രൂപ പിഴയും ഈടാക്കി. 18.3 കിലോഗ്രാം പുകയില ഉത്പ്പന്നങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കു മരുന്നു കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തിനേക്കാൾ കുറവുണ്ട്. കഴിഞ്ഞ ഡ്രെെവിൽ 37.19 കിലോ കഞ്ചാവാണ് പിടികൂടിയത്. എന്നാൽ ഇത്തവണ 7.734 കിലോ മാത്രമാണ് പിടികൂടിയത്. രജിസ്റ്റർ ചെയ്ത കേസുകളിലും കുറവുണ്ട്. രജിസ്റ്റർ ചെയ്ത അബ്കാരി, എൻ.ഡി.പി.എസ് കേസുകളിലും കുറവുണ്ട്. കഴിഞ്ഞ വർഷം193 അബ്കാരി കേസുകളും 70 മയക്കുമരുന്ന് കേസുകളുമായിരുന്നു. ഇത്തവണ 166 അബ്കാരിയും 67 മയക്കുമരുന്ന് കേസുകളുമാണുള്ളത്.
ആകെ രജിസ്റ്റർ ചെയ്ത കേസുകൾ: 233
അബ്കാരി: 166
മയക്കുമരുന്ന്: 67
പുകയില ഉത്പന്നങ്ങൾ കടത്ത്: 309
ആകെ നടത്തിയ പരിശോധനകളുടെ എണ്ണം - 868
പരിശോധിച്ച വാഹനങ്ങൾ - 5043
As part of the Excise Department’s ‘Onam Drive’ to curb drug use and illegal liquor sales during the Onam celebrations, 124 people were arrested.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |