മലപ്പുറം: ''ചില മത്സരങ്ങളിൽ രാഷ്ട്രീയപരമായി ടെക്നിക്കുകൾ ഉപയോഗിക്കേണ്ടിവരും. തിരൂരിലേക്കുള്ള മാറ്റം അത്തരത്തിൽ ഒന്നായി കണ്ടാൽ മതി.'' തിരൂരിലെ ഇടതുസ്ഥാനാർത്ഥിയും മന്ത്രിയുമായ വി.അബ്ദുറഹിമാൻ ഇക്കാര്യം പറയുമ്പോൾ മനസ്സിൽ കുറിച്ചിട്ട തന്ത്രം എന്തെന്നാണ് തിരൂരിലെ പ്രധാന രാഷ്ട്രീയ ചോദ്യം. മണ്ഡലം രൂപീകരിച്ച 1957 മുതലുള്ള 25 തിരഞ്ഞെടുപ്പുകളിൽ 2006ൽ മാത്രമാണ് യു.ഡി.എഫിന് തിരൂരിൽ അടിപതറിയത്. നാലാംഅങ്കത്തിനിറങ്ങിയ ഇ.ടി.മുഹമ്മദ് ബഷീറിനെ സി.പി.എമ്മിന്റെ പി.പി.അബ്ദുള്ളക്കുട്ടി പരാജയപ്പെടുത്തി. കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടി, മങ്കടയിൽ എം.കെ.മുനീർ ഉൾപ്പെടെ പ്രമുഖർ പരാജയമേറ്റുവാങ്ങിയ അത്യപൂർവ്വ സാഹചര്യമായിരുന്നു അന്ന്. ലീഗ് കടുത്ത വെല്ലുവിളി നേരിട്ട അന്നത്തെ തിരഞ്ഞെടുപ്പിൽ 8,680 വോട്ടിനായിരുന്നു തിരൂരിൽ ഇടതിന്റെ വിജയം. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ലീഗിന്റെ സി.മമ്മുട്ടി 23,566 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തിരൂർ തിരിച്ചുപിടിച്ചു. ഈ വിജയത്തുടർച്ച 2021ൽ കുറുക്കോളി മൊയ്തീനിൽ വരെയെത്തി നിൽക്കുന്നുണ്ട്. ഇങ്ങനെയൊരു ചരിത്രപശ്ചാത്തലമുള്ള മണ്ണിലേക്ക് രണ്ടുതവണ എം.എൽ.എയായ താനൂരിനെ ഒഴിവാക്കിയുള്ള വി.അബ്ദുറഹിമാന്റെ വരവ് രാഷ്ട്രീയ കേന്ദ്രങ്ങളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ജന്മനാട്ടിൽ മത്സരിക്കാനുള്ള ആഗ്രഹമെന്നാണ് തുടക്കത്തിൽ പറഞ്ഞിരുന്നതെങ്കിൽ പ്രചാരണം ചൂടുപിടിച്ചതോടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമെന്നാക്കിമാറ്റി. പത്ത് വർഷത്തിനിടെ തിരൂരിന് പല പദ്ധതികളും സർക്കാർ അനുവദിച്ചെങ്കിലും അത് നടപ്പാക്കുന്നതിൽ വലിയ പാളിച്ചയുണ്ടായെന്നാണ് പ്രധാന പ്രചാരണായുധം. തിരൂരിന്റെ 'മാമൻ' എന്ന വിശേഷണത്തിലൂടെ മണ്ഡലത്തോടുള്ള അടുപ്പം പ്രചാരണങ്ങളിൽ ഉടനീളം ഉയർത്തിക്കാട്ടുന്നുണ്ട്.
വോട്ട് ചോർച്ച തടയും
യു.ഡി.എഫിനായി സിറ്റിംഗ് എം.എൽ.എ കുറുക്കോളി മൊയ്തീനാണ് മത്സരരംഗത്ത്. വി.അബ്ദുറഹിമാന്റെ കടന്നുവരവ് വരെ കാര്യമായ വെല്ലുവിളി യു.ഡി.എഫ് മുന്നിൽ കണ്ടിരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരൂർ നഗരസഭയിലും ആറ് പഞ്ചായത്തുകളിലും ഭരണത്തിലെത്തിയതിന്റെ ആത്മവിശ്വാസവുമുണ്ടായിരുന്നു. കോൺഗ്രസിന് കാര്യമായ വേരോട്ടമുള്ള മണ്ണാണ് തിരൂരിലേത്. മുൻകോൺഗ്രസുകാരനായ അബ്ദുറഹിമാൻ തിരൂർ നഗരസഭ വൈസ് ചെയർമാൻ പദവിയടക്കം കൈകാര്യം ചെയ്തിട്ടുണ്ട്. താനൂരിലേതിന് സമാനമായി യു.ഡി.എഫിലെ വോട്ടുചോർച്ച ഉണ്ടാവില്ലെന്ന് ഉറപ്പാക്കുന്നതടക്കം പുതുതന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ട് യു.ഡി.എഫ്. തലക്കാട് പഞ്ചായത്തിൽ നേരിയ മുൻതൂക്കം എൽ.ഡി.എഫിന് ലഭിച്ചേക്കാമെന്നും മറ്റിടങ്ങളിൽ ലീഡുയർത്തി ഈ ഭീഷണി മറികടക്കാനാവുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. പുതുമുഖമായെത്തി ലീഗ് കോട്ടയായ താനൂരിനെ പിടിച്ചെടുക്കാനായെങ്കിൽ ജന്മനാട്ടിൽ ഇത് ആവർത്തിക്കുക എളുപ്പമല്ലേയെന്നാണ് എൽ.ഡി.എഫ് ക്യാമ്പിന്റെ ചോദ്യം. യുവനേതാവിന് മുന്നിൽ അടിപതറിയെന്നത് ഒഴിവാക്കാനാണ് തിരൂരിലേക്കുള്ള വരവെന്നാണ് യു.ഡി.എഫിന്റെ ആക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |