SignIn
Kerala Kaumudi Online
Saturday, 22 August 2026 4.57 AM IST

പൂത്തുലഞ്ഞ് കടമ്പുമരം; പടിഞ്ഞാറേക്കര ടൂറിസം ബീച്ചിന് വസന്തച്ചന്തം.

kadambumaram

തിരൂർ: ടൂറിസം ബീച്ചായ കൂട്ടായി പടിഞ്ഞാറെക്കരയിൽ വസന്തത്തിന്റെ കുളിർമയും മാസ്മരിക സുഗന്ധവും പകർന്ന് കടമ്പുമരം പൂത്തുലഞ്ഞത് സഞ്ചാരികൾക്ക് വേറിട്ട കാഴ്ചാനുഭവമായി. ടൂറിസം പ്രൊജക്ട് ആരംഭിച്ച കാലത്ത് നട്ടുപിടിപ്പിച്ച് പരിപാലിച്ചുപോന്ന കടമ്പുമരമാണ് ഇപ്പോൾ പൂക്കളണിഞ്ഞ് പാർക്കിന്റെ ഭംഗി വർദ്ധിപ്പിക്കുന്നത്. മരച്ചുവട്ടിൽ കടൽക്കാറ്റേറ്റും പക്ഷികളുടെ കളകൂജനം ആസ്വദിച്ചും സമയം ചെലവഴിക്കാനും ഫോട്ടോകൾ പകർത്താനുമായി ദിവസവും നിരവധി സഞ്ചാരികളാണ് പടിഞ്ഞാറെക്കര ബീച്ചിൽ എത്തുന്നത്. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയാണ് കടമ്പുമരം പ്രധാനമായും പൂവിടുന്നത്. ഗോളാകൃതിയിൽ മഞ്ഞയും ഓറഞ്ചും കലർന്ന പൂക്കൾ നിറഞ്ഞുനിൽക്കുമ്പോൾ തന്നെ കാഴ്ച ഏറെ മനോഹരമാണ്. പൂക്കളും കായ്കളും വിവിധയിനം പക്ഷികൾക്ക് ആഹാരമാകുന്നതിനാൽ മരത്തിൽ പക്ഷികളുടെ സാന്നിദ്ധ്യവും ഏറെയാണ്. കടമ്പിന്റെ പട്ട, ഇല, കായ് എന്നിവയ്ക്ക് ഔഷധപ്രാധാന്യവുമുണ്ട്. ‘നിയോലാമാർക്കിയ കടമ്പ’ എന്ന ശാസ്ത്രീയനാമമുള്ള കടമ്പ് റൂബിയേസി കുടുംബത്തിൽപ്പെട്ട വൃക്ഷമാണ്. കാദംബരി, വെള്ളക്കടമ്പ്, കടമ്പുവൃക്ഷം എന്നീ പേരുകളിലും അറിയപ്പെടുന്നു.

പ്രാധാന്യമേറെ

പതിനേഴാം നൂറ്റാണ്ടിലെ സസ്യശാസ്ത്ര ഗ്രന്ഥമായ ‘ഹോർത്തൂസ് മലബാറിക്കസിൽ’ ‘കാട്ടുച്ചക്ക’ എന്ന പേരിൽ കടമ്പിനെ പരിചയപ്പെടുത്തിയിട്ടുണ്ട്.

സംഘകാല കൃതികളിൽ ‘കടംബർ’ എന്നറിയപ്പെട്ടിരുന്ന ഗോത്രവർഗക്കാരുടെ അടയാളവൃക്ഷമായിരുന്നു ഇത്.

കടമ്പനാട്, കടമ്പൂർ, കടമ്പേരി തുടങ്ങിയ സ്ഥലനാമങ്ങളുടെ പിന്നിലും കടമ്പുമരത്തിന്റെ ചരിത്ര-സാംസ്കാരിക ബന്ധമുണ്ട്.

പടിഞ്ഞാറേക്കര ബീച്ചിലെ പ്രകൃതിസൗന്ദര്യത്തിന് പുതിയ മിഴിവേകുകയാണ് പൂത്തുലഞ്ഞുനിൽക്കുന്ന കടമ്പുമരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL