
പാലക്കാട്: അടുത്ത അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് ഒരുമാസം മുമ്പേ പാലക്കാട് ജില്ലയിൽ പാഠപുസ്തക വിതരണം പകുതിയിലേറെ പൂർത്തിയായി. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ആകെ 32.57 ലക്ഷം പുസ്തകങ്ങളാണ് ജില്ലയിലേക്ക് വേണ്ടത്. 22 ലക്ഷം പുസ്തകങ്ങൾ അച്ചടിച്ച് ഷൊർണൂരുള്ള ജില്ലാ ഹബ്ബിലെത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് 19 ലക്ഷം പുസ്തകങ്ങൾ ജില്ലയിലെ വിവിധ സ്‌കൂളുകളിലെത്തിച്ചു. പാലക്കാട് ജില്ലയിൽ ആകെ വിതരണം ചെയ്യേണ്ടതിൽ 59.6 ശതമാനവും പൂർത്തിയായി. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിഭാഗങ്ങളിലായി 914 സ്‌കൂളുകളിലാണ് പുസ്തകങ്ങൾ എത്തിക്കുന്നത്. ശേഷിക്കുന്ന പുസ്തകങ്ങളുടെ വിതരണം ഉടൻ പൂർത്തിയാക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.എം.സലീന ബീവി അറിയിച്ചു. സംസ്ഥാന തലത്തിൽ ഫെബ്രുവരിയിൽ തുടങ്ങിയ പാഠപുസ്തക വിതരണമാണ് ജില്ലയിൽ പുരോഗമിക്കുന്നത്. മേയ് അവസാനവാരത്തോടെ പുസ്തകവിതരണം പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. പുസ്തകങ്ങൾ അച്ചടിച്ച് ജില്ലകളിലെ ഹബ്ബുകളിൽ എത്തിക്കുന്നതിന്റെ ചുമതല കെ.ബി.പി.എസിനാണ്. ഇവിടെ നിന്ന് പുസ്തകങ്ങൾ തരംതിരിച്ച് പായ്ക്ക് ചെയ്യുന്ന ജോലി കുടുംബശ്രീയാണ് ചെയ്യുന്നത്. കുടുംബശ്രീയുടെ കീഴിലുള്ള സൂപ്പർവൈസർമാർ മുഖേനയാണ് ഹബ്ബിലെ പ്രവർത്തനങ്ങളുടെ ഏകോപനം. ഹബ്ബിലെത്തിച്ച പുസ്തകങ്ങൾ തരംതിരിച്ച് കെട്ടാക്കി ഓരോ സ്‌കൂളിന്റെയും പേരെഴുതിയ ലേബൽ പതിപ്പിച്ചാണ് വിതരണം. സ്‌കൂളുകളിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് പാഠപുസ്തകം ലഭിക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ്ടു മുല്യനിർണയം നടക്കുന്ന സ്‌കൂളുകളിൽ വിതരണം തുടങ്ങിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |