SignIn
Kerala Kaumudi Online
Saturday, 27 June 2026 7.35 AM IST

വാളയാറിൽ ബസ് സ്റ്റാൻഡ് സ്വപ്നമായി അവശേഷിക്കുന്നു

walayar
അന്തർസംസ്ഥാന ബസ് ടെർമിനൽ നിർമ്മിക്കുന്നതിനായി കണ്ടെത്തിയ വാളയാർ ഡാം റോഡിന് സമീപത്തുള്ള ഇറിഗേഷൻ വകുപ്പിന്റെ സ്ഥലം കാടു പിടിച്ച് കിടക്കുന്നു.

വാളയാർ: പതിനഞ്ച് വർഷം മുമ്പ് അന്നത്തെ ധനമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പ് ഇപ്പോഴും കടലാസിൽ. വാളയാർ അന്തർസംസ്ഥാന ബസ് ടെർമിനൽ സ്വപ്നം മാത്രമായി അവശേഷിക്കുന്നു. പഞ്ചായത്തും കൈയ്യൊഴിഞ്ഞു, സർക്കാരും കൈയ്യൊഴിഞ്ഞു എന്നതാണ് സ്ഥിതി. ഇതോടെ ബസ് സ്റ്റാൻഡിനായുള്ള വാളയാറിന്റെ കാത്തിരിപ്പ് നീളുകയാണ്. ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിലും പ്രഖ്യാപനമുണ്ടായില്ല. വാളയാർ ടൗണിന്റെ ഹൃദയഭാഗത്ത് ഡാമിനോട് ചേർന്നുള്ള ഇറിഗേഷൻ വകുപ്പിന്റെ സ്ഥലത്ത് ബസ് സ്റ്റാൻഡ് നിർമ്മിക്കണമെന്ന ആവശ്യമുയർന്നിട്ട് കാലങ്ങളായി. ഈ സ്ഥലം ഇപ്പോൾ കാടു പിടിച്ച് കിടക്കുകയാണ്. വാളയാറിൽ അന്തർ സംസ്ഥാന ബസ് ടെർമിനൽ എന്നത് വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക് നിയമസഭയിൽ പ്രഖ്യാപിച്ച പദ്ധതിയാണ്. സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ബസ് ടെർമിനൽ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജന പ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും അന്നത്തെ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായിട്ടായിരുന്നു പ്രഖ്യാപനം. പക്ഷെ ഇത് പ്രഖ്യാപനത്തിൽ ഒതുങ്ങി. പിന്നിട് അധികാരത്തിൽ വന്ന ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തും ഒന്നാം പിണറായി സർക്കാറിന്റെ കാലത്തും തുടർ നടപടികളുണ്ടായില്ല. ഈ സാഹചര്യത്തിൽ കഴിഞ്ഞ പുതുശ്ശേരി പഞ്ചായത്ത് ഭരണ സമിതി സ്വന്തം നിലക്ക് ബസ് സ്റ്റാൻഡ് നിർമ്മിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോയി. ഇതിനായി ഫണ്ട് വകയിരുത്തുകയും ചെയ്തു. പക്ഷെ ഇറിഗേഷൻ വകുപ്പ് പഞ്ചായത്തിന് സ്ഥലം വിട്ടു നൽകാൻ തയ്യാറല്ലായിരുന്നു. ഇതോടെ വാളയാർ ബസ് സ്റ്റാൻഡ് എന്ന പഞ്ചായത്തിന്റെ പദ്ധതി പകുതി വഴിയിൽ നിന്നു. വിഷയം രണ്ടാം പിണറായി സർക്കാരിന്റെ മുന്നിൽ വന്നു. കേരള-തമിഴ്നാട് അതിർത്തിയിലെ പ്രധാന ജംഗ്ഷൻ, കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി കടന്നപോകുന്ന സ്ഥലം, കേരളത്തിലെ പ്രധാന വ്യവസായ നഗരമായ കഞ്ചിക്കോട് മേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശം എന്നീ പരിഗണനകളിൽ ബസ് ടെർമിനൽ അനുവദിക്കണമെന്നായിരുന്നു പൊതുവികാരം. പക്ഷെ ഒരു നടപടിയും ഉണ്ടായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WALAYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL