സന്ധ്യ മയങ്ങിയാൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം
ഒറ്റപ്പാലം: പൊലീസ് സ്റ്റേഷന്റെ വിളിപ്പാടകലെയാണെങ്കിലും ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡിൽ സ്ത്രീകളും വിദ്യാർത്ഥികളുമടക്കം യാത്രക്കാർക്ക് വേണ്ടത്ര സുരക്ഷയില്ലെന്ന പരാതി ശക്തമാണ്. ദിവസവും നൂറിലേറെ ബസുകൾ 400ൽ ലേറെ ട്രിപ്പുകളാണ് ഇവിടെ നിന്നു നടത്തുന്നത്. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ ബസ് സ്റ്റാൻഡിൽ ഒന്നാണെങ്കിലും സന്ധ്യ മയങ്ങിയാൽ സാമൂഹ്യ വിരുദ്ധ സംഘങ്ങളുടെ പ്രധാന താവളമാണിവിടം. രണ്ട് കൊലപാതമാണ് ബസ് സ്റ്റാൻഡിൽ ഉണ്ടായിട്ടുള്ളത്. വഴക്കും സംഘർഷങ്ങളും വേറെയും. മദ്യപാന, പുകവലി സംഘങ്ങൾ മുതൽ മയക്ക് മരുന്ന് സംഘങ്ങൾ വരെ ബസ് സ്റ്റാൻഡ് മറയാക്കി പ്രവർത്തിക്കുന്നു. രാത്രി ഇത്തരം സംഘങ്ങളുടെ നിയന്ത്രണത്തിലാണ് ബസ് സ്റ്റാൻഡ്. പുറമേ മലമൂത്ര വിസർജ്ജനം മുതൽ മാലിന്യ നിക്ഷേപം വരെ ബസ് സ്റ്റാൻഡിന്റെ ശുചിത്വത്തെ പരിഹാസ്യമാക്കുന്നു. ശൗചാലയമടക്കം ശുചിത്വ നിലവാരം ഉയർത്തേണ്ടതുമുണ്ട്.
ഓട്ടോയും ബസ്സും പോകുന്ന വഴിയിലൂടെ യാത്രക്കാൻ നടന്നു പോകുന്നത് അപകട സാധ്യതയേറെയാണ്. ബസ്സ് സ്റ്റാൻഡിന് മുന്നിലെ കാല പഴക്കം ചെന്ന പഴയ കെട്ടിടം പൊളിച്ച് മാറ്റിയാൽ പ്രവേശന കവാടം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ സാധിക്കും. മാത്രവുമല്ല സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങൾക്ക് യഥേഷ്ടം സ്ഥലം കണ്ടെത്താനും കഴിയും.സ്റ്റാൻഡിനകത്തെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയിടാൻ സെക്യൂരിറ്റി ക്കാരെ ഉപയോഗപ്പെടുത്തുന്ന കാര്യം വ്യാപാര സ്ഥാപനങ്ങൾക്ക് ആലോചിക്കാവുന്നതാണ്. സ്റ്റാൻഡിൽ പൊലീസ് സേവനം ഉറപ്പാക്കാൻ എയ്ഡ് പോസ്റ്റ് സ്ഥാപിച്ചാൽ വിദ്യാർത്ഥികളുടെ യാത്രാപ്രശ്നങ്ങൾക്കും പരിഹാരമാകും. ബസുകൾ പല സ്ഥലങ്ങളിലും ആളെ ഇറക്കുന്നതും കയറ്റുന്നതും അനുവദിക്കാൻ പാടില്ല. മിനിറ്റുകളുടെ വ്യത്യാസത്തിൽ ഓടുന്ന ബസുകളുടെ സമയമാറ്റ കാര്യവും ഗൗരവമായി പരിശോധിക്കേണ്ട വിഷയം തന്നെയാണ്.
വാഹന മോഷണം മുതൽ പിടിച്ച് പറി വരെ;
കർശന നടപടി അനിവാര്യം
ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡും പരിസരവും മോഷ്ടാക്കളുടേയും പിടിച്ചുപറിക്കാരുടെയും തെരുവ് നായകളുടെയും ആവാസ കേന്ദ്രമാണ്. പരിസരത്ത് നിറുത്തിയിടുന്ന വാഹനങ്ങളുടെ സ്‌പെയർ പാർട്സുകളടക്കം മോഷ്ടിക്കപ്പെടുന്നു. രാത്രി കാലങ്ങളിൽ സ്റ്റാൻഡിലെ വെളിച്ചക്കുറവ് ഇത്തരം സംഘങ്ങൾക്ക് ഗുണകരമാകുന്നു. റെയിൽവേ സ്റ്റേഷനും പരിസരവും 'ബസ് സ്റ്റാൻഡിന്റെ തൊട്ടടുത്താണ്. സാമൂഹ്യ വിരുദ്ധർ ഈ രണ്ട് പ്രദേശവും താവളമാക്കി പൊതുജനങ്ങൾക്ക് ഭീഷണിയാവുന്നു. ഇത് തടയാൻ പൊലീസ് നിരന്തരമായി ഇടപെടൽ നടത്തണം.
- കെ.ബാബു, മുൻ നഗരസഭ കൗൺസിലർ
സുരക്ഷ കൂട്ടണം
ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡിലെ സുരക്ഷ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും അവസാനിപ്പിക്കണം. ബസ് സ്റ്റാൻഡിനകത്ത് ഓട്ടോസ്റ്റാൻഡ് ഉള്ളതുകൊണ്ട് ബസ് ഇറങ്ങി ഓട്ടോ കയറാൻ വരുന്നവർ സ്റ്റാന്റിനകത്തുകൂടി ഇറങ്ങി നടക്കുന്നത് അപകടം ഉണ്ടാക്കുന്നുണ്ട്. സ്റ്റാൻഡിനകത്തേക്ക് യാത്രക്കാർക്ക് നടന്ന് പ്രവേശിക്കാൻ പ്രത്യേക വഴിയില്ലാത്ത പ്രശ്നവും പരിഹരിക്കപ്പെടണം.
ടി.പി.പ്രദീപ് കുമാർ, നഗരസഭ കൗൺസിലർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |