കഞ്ചിക്കോട്: കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള സ്ഥലമെടുപ്പ് പ്രവർത്തനങ്ങൾ നിലച്ചു. കിഫ്ബി ഇല്ലാതാവുകയും ബദൽ സംവിധാനമൊന്നും ഏർപ്പെടുത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ തുടർ നടപടികൾ ഇല്ലാതായിരിക്കുകയാണ്. ഇനിയും സ്ഥലം ഏറ്റെടുക്കാൻ ബാക്കിയുള്ള കർഷകർ ആശങ്കയിലാണ്. ഇത് സംബന്ധിച്ച് സർക്കാറിൽ നിന്നും ഒരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്നാണ് കിൻഫ്രയിൽ നിന്ന് കർഷകർക്ക് കിട്ടുന്ന മറുപടി.
കൊച്ചി-ബെംഗളൂരു ഇടനാഴിക്കായി 1710 ഏക്കർ സ്ഥലമാണ് കണ്ടെത്തിയത്. ഇതിൽ ഉൾപ്പെടുന്ന പുതുശ്ശേരി വെസ്റ്റ് വില്ലേജിലെ 260 ഏക്കർ സ്ഥലമാണ് ഇനി ഏറ്റെടുക്കാനുള്ളത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സ്ഥലം ഏറ്റെടുത്തത്. ഇതിനായി 1489 കോടി രൂപ കിൻഫ്ര ചെലവഴിച്ചു. അവസാന ഘട്ടത്തിൽ ഫണ്ടിന്റെ കുറവ് മൂലമാണ് 260 ഏക്കർ ഏറ്റെടുക്കാൻ കഴിയാതിരുന്നത്. ഫണ്ട് വരുന്ന മുറയ്ക്ക് ഏറ്റെടുക്കുമെന്നാണ് അറിയിച്ചത്. ഇതിനിടയിൽ നിയമസഭ തിരഞ്ഞെടുപ്പ് വന്നു. തുടർന്ന് അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാർ കിഫ് ബി മരവിപ്പിക്കുകയും ചെയ്തു. ഇതോടെ സ്ഥലമെടുപ്പിന്റെ തുടർ പ്രവർത്തനങ്ങൾ നിലച്ചു. സ്ഥലമെടുപ്പിന്റെ ആദ്യ വിജ്ഞാപനം വന്നത് 2021 നവംബർ 21 ന് ആണ്. രണ്ടാമത്തെ വിജ്ഞാപനം 2022 ഓഗസ്റ്റ് 18 നും വന്നു. ആദ്യഘട്ടമായി750 ഏക്കർ ഏറ്റെടുത്തു. രണ്ടാംഘട്ടമായി 700 ഏക്കറും ഏറ്റെടുത്തു. ബെംഗളൂരു-കോയമ്പത്തൂർ ഇടനാഴി കൊച്ചിയിലേക്ക് നീട്ടണമെങ്കിൽ സ്ഥലം എടുത്ത് നൽകണമെന്ന് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്പ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കിൻഫ്ര വഴിയാണ് സ്ഥലമേറ്റെടുക്കൽ നടത്തിയത്. ക്ഷേത്രത്തിലേക്കുള്ള വഴിയുണ്ടെന്ന പേരിൽ തർക്കം വന്ന വലിയേരി പ്രദേശത്തെ സ്ഥലം ഒഴിവാക്കിയതിന് ശേഷമാണ് 1710 ഏക്കർ സ്ഥലം പുതുശ്ശേരി, കണ്ണമ്പ്ര വില്ലേജുകളിൽ നിന്നായി തിരഞ്ഞെടുത്തത്.
നോട്ടിഫിക്കേഷനിൽ ഉൾപ്പെട്ട ഭൂമിയായതിനാൽ കർഷകർക്ക് വിൽക്കാനോ ബാങ്ക് വായ്പ എടുക്കാനോ പറ്റാത്ത സ്ഥിതിയാണ്. സ്ഥലം ഏറ്റെടുക്കൽ പ്രഖ്യാപനം വന്ന ശേഷം ഇവിടെ കൃഷിയിറക്കിയിട്ടില്ല.
ബാലകൃഷ്ണൻ കഞ്ചിക്കോട് (മുതിർന്ന സി.പി.ഐ നേതാവും കർഷകനുമാണ്.)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |