കടക്കെണിയിലായി ഉടമകൾ
ആലത്തൂർ: കെ.എസ്.ആർ.ടി.സി ബസുകളിലെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി നടപ്പിലായതോടെ കടുത്ത വരുമാന നഷ്ടത്തിലും കടക്കെണിയിലുമായി സ്വകാര്യ ബസ് മേഖല. യാത്രക്കാരെ നഷ്ടപ്പെടുന്നതിനൊപ്പം ഇന്ധനവില വർദ്ധനയും അനുബന്ധ ചെലവുകളും മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. സംസ്ഥാന ബഡ്ജറ്റിൽ സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതുവഴി മാസത്തിൽ 3000 രൂപയുടെ കുറവ് ലഭിക്കുമെങ്കിലും ഇന്ധനവില വർദ്ധന പ്രതിമാസം 30,000 രൂപയുടെ അധിക ബാധ്യത ഉണ്ടാക്കുന്നു. ദിവസം 100 ലിറ്റർ ഡീസൽ അടിക്കുന്ന ബസിന് പ്രതിദിനം 1000 രൂപയുടെ അധികച്ചെലവ് വരുന്നുണ്ടെന്ന് ബസ് ഉടമകൾ പറയുന്നു. രാവിലെയും വൈകീട്ടും യാത്രക്കാരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. കൺസഷൻ നിരക്ക് പ്രകാരം 103 കുട്ടികൾ കയറിയാൽ മാത്രമേ ഒരു ലിറ്റർ ഡീസലിനുള്ള തുക ലഭിക്കൂ. ഹോട്ടൽ ഭക്ഷണവില ഉയർന്നതോടെ ബസ് ജീവനക്കാരുടെ ബറ്റാ ചെലവും കുത്തനെ കൂടി. കെ.എസ്.ആർ.ടി.സി സർവീസുകൾ കുറവുള്ള ഗ്രാമീണ റൂട്ടുകളിൽ നിന്നുമെത്തുന്ന വനിതാ യാത്രക്കാർ പ്രധാന പാതകളിലെത്തിയാൽ സൗജന്യ യാത്രയ്ക്കായി കെ.എസ്.ആർ.ടി.സി ബസുകളിലേക്ക് മാറുകയാണ്. തോണിപ്പാടം, അത്തിപ്പൊറ്റ, കാവശ്ശേരി റൂട്ടുകളിൽ ഓടുന്ന ബസുകൾ ആലത്തൂരിലെത്തുമ്പോൾ പാലക്കാട്ടേക്ക് പോകേണ്ട യാത്രക്കാർ ഇറങ്ങി കെ.എസ്.ആർ.ടി.സി ബസുകളിലേക്ക് ഓടിക്കയറുന്ന സാഹചര്യമാണുള്ളത്. സർക്കാരിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തുന്ന യാത്രക്കാരെ കുറ്റം പറയാനാകില്ലെന്നാണ് ബസുടമകളുടെ പക്ഷം. പാലക്കാട്-തൃശൂർ തുടങ്ങിയ പ്രധാന റൂട്ടുകളിൽ കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസുകൾ ഉള്ളതിനാൽ സ്വകാര്യ ബസുകൾ പലപ്പോഴും ആളില്ലാതെയാണ് യാത്ര നടത്തുന്നത്. നാല് പവന്റെ മാല പണയം വെച്ചാണ് ബസിന്റെ നികുതിയടച്ചതെന്ന് കൊടുവായൂരിലെ സ്വകാര്യ ബസുടമ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |