SignIn
Kerala Kaumudi Online
Saturday, 29 August 2026 5.15 AM IST

പാലക്കാടൻ ഗ്രാമങ്ങളിലെ ക്രിക്കറ്റ് പരിശീലനത്തിന് കൂടുതൽ കേന്ദ്രങ്ങൾ

cricket
.

പാലക്കാട്: ഗ്രാമീണമേഖലകളിലെ കഴിവുള്ള ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി കൂടുതൽ ഗ്രാമപ്രദേശങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാൻ പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ. ഇതിന്റെ ഭാഗമായി ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂളിലും ചിറ്റൂർ ഗവ. ബോയ്സ് ഹൈസ്‌കൂളിലും പുതിയ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കും.

ഇരു കേന്ദ്രങ്ങളിലും മുമ്പ് പരിശീലനം നടന്നിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ പിന്നീട് പ്രവർത്തനം നിലയ്ക്കുകയായിരുന്നു. ഇത്തവണ ഇവിടെ വേനൽക്കാല ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സ്ഥിരമായ പരിശീലന സൗകര്യം വീണ്ടും ഒരുക്കുന്നത്. ജില്ലയിലെ മറ്റ് ഗ്രാമപ്രദേശങ്ങളിലും പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാൻ പദ്ധതിയുണ്ട്. ഗ്രാമങ്ങളിൽ നിന്നുള്ള പ്രതിഭകളെ നേരത്തെ കണ്ടെത്തി ശാസ്ത്രീയ പരിശീലനം നൽകുന്നതിലൂടെ ജില്ലയിൽനിന്ന് കൂടുതൽ മികച്ച ക്രിക്കറ്റ് താരങ്ങളെ വളർത്തിയെടുക്കുകയാണ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ലക്ഷ്യമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്.അഫ്സർ അഹമ്മദും സെക്രട്ടറി പി.ചന്ദ്രശേഖരനും പറഞ്ഞു.

 2012ൽ ആദ്യ കേന്ദ്രം

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 2012ൽ മണ്ണാർക്കാടാണ് ആദ്യ പരിശീലനകേന്ദ്രം ആരംഭിച്ചത്. നിലവിൽ മണ്ണാർക്കാട് എം.ഇ.എസ് കോളേജ് മൈതാനം, ആലത്തൂർ എ.എസ്.എം.എം ഹയർ സെക്കൻഡറി സ്‌കൂൾ, പട്ടാമ്പി സംസ്‌കൃത കോളേജ്, ഷൊർണൂർ കെ.വി.ആർ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അസോസിയേഷന്റെ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലനം ഉൾപ്പെടെയുള്ള വിദഗ്ധ പരിശീലനം ലഭിച്ച പരിശീലകരാണ് കുട്ടികൾക്ക് പരിശീലനം നൽകുക.

 ഉപകരണങ്ങൾ വാങ്ങാനും സഹായം

ബാറ്റ്, ബാൾ, പാഡുകൾ തുടങ്ങിയ അടിസ്ഥാന ക്രിക്കറ്റ് ഉപകരണങ്ങൾ വാങ്ങാൻ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കും. നെറ്റിൽ സ്ഥിരമായി പരിശീലനം നടത്താനുള്ള സംവിധാനവും കേന്ദ്രങ്ങളിൽ ഉണ്ടാകും. വൈകുന്നേരങ്ങളിലായിരിക്കും പരിശീലനം. സെപ്തംബർ 12 മുതൽ പുതിയ പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനം ആരംഭിക്കും. 10 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. പരിശീലനത്തിന് എൻട്രി ഫീസിനൊപ്പം ചെറിയ മാസഫീസും ഈടാക്കും. താൽപര്യമുള്ളവർ അടുത്തമാസം 5ന് മുമ്പായി രജിസ്റ്റർ ചെയ്യണം. ശ്രീകൃഷ്ണപുരം: 9605003208, ചിറ്റൂർ: 9895417144.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL