വാളയാർ: നീണ്ട കാത്തിരിപ്പിനൊടുവിൽ കിൻഫ്ര-മലമ്പുഴ ശുദ്ധജല പദ്ധതി യാഥാർത്ഥ്യമാകുന്നു. റെയിൽവേയുടെ സ്ഥലത്ത് കൂടെ പൈപ്പ് ലൈൻ കൊണ്ട് പോകാൻ അനുമതിയില്ലാത്തതായിരുന്നു പദ്ധതിയുടെ പ്രധാന തടസ്സം. ഇത് മറികടക്കാൻ കിൻഫ്ര സ്വന്തമായി സ്ഥലം വാങ്ങി പൈപ്പ് ലൈൻ സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും സ്ഥലം രജിസ്റ്റർ ചെയ്യാനുള്ള സർക്കാർ അനുമതി ലഭിച്ചിരുന്നില്ല. കാത്തിരിപ്പിന് വിരാമമിട്ട് സർക്കാർ ഇപ്പോൾ സ്ഥലം രജിസ്‌ട്രേഷന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. തടസ്സങ്ങൾ നീക്കി പദ്ധതി പൂർത്തിയാക്കാൻ ഇന്ന് തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി വിളിക്കുന്ന യോഗത്തിൽ കിൻഫ്ര ജി.എം മുരളികൃഷ്ണൻ പങ്കെടുക്കും. പൈപ്പ് ലൈൻ കൊണ്ടുപോകുന്നതിനായി കിൻഫ്ര വാങ്ങിയ സ്ഥലം രജിസ്റ്റർ ചെയ്യാനുള്ള അനുമതി നൽകാനാണ് പ്രധാനമായും യോഗം വിളിച്ചിരിക്കുന്നത്. സ്മാർട് സിറ്റിക്കും കിൻഫ്ര വ്യവസായ പദ്ധതിക്കും വെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയാണിത്. ഇതനുസരിച്ച് മലമ്പുഴ ഡാമിൽ നിന്നും ദിവസേന പത്ത് ലക്ഷം ലിറ്റർ വെള്ളം കിൻഫ്രയിൽ എത്തിക്കും. 2019 ൽ തുടങ്ങിയ പദ്ധതി പൂർത്തിയാകുന്നതിന് പ്രധാന തടസ്സമായത് റെയിൽവെയുടെ സ്ഥലത്തിലൂടെ പൈപ്പ്‌ലൈൻ കൊണ്ടുപോകുന്നതിന് അനുമതിയില്ലാത്തതാണ്. ഇതിന് പരിഹാരം കാണാൻ സ്വകാര്യവ്യക്തിയിൽ നിന്ന് 36 സെന്റ് സ്ഥലം വാങ്ങാൻ കിൻഫ്ര തീരുമാനിച്ചു. കരാർ ഒപ്പ് വെക്കുകയും ചെയ്തു. അപ്പോഴേക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ രജിസ്‌ട്രേഷന് സർക്കാർ അനുമതി കിട്ടിയില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷവും ഇത് സംബന്ധിച്ച ഫയൽ വെളിച്ചം കണ്ടില്ല.
അതുകൊണ്ടു തന്നെ സ്ഥലം രജിസ്‌ട്രേഷൻ നീണ്ടുപോവുകയും ചെയ്തു. പദ്ധതിയുടെ നിർമ്മാണം നിലവിൽ ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്. റെയിൽവേയുടെ സ്ഥലത്ത് കൂടിയുള്ള പൈപ്പ് ലൈൻ നിർമ്മാണം മാത്രമാണ് നിറുത്തി വെച്ചിരുന്നത്. സ്ഥലം രജിസ്‌ട്രേഷൻ കഴിയുന്നതോടെ സ്വന്തമായി വാങ്ങിയ സ്ഥലത്ത് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തനം തുടങ്ങും. പെട്ടെന്ന് പണി പൂർത്തീകരിച്ച് വ്യവസായ മേഖലയിൽ വെള്ളം എത്തിക്കാനുള്ള ഒരുക്കം കിൻഫ്ര തുടങ്ങിക്കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |