SignIn
Kerala Kaumudi Online
Monday, 31 August 2026 1.39 AM IST

ചപ്പക്കാട് ഇരട്ട തിരോധാനം: അഞ്ച് വർഷം, മൂന്ന് ഏജൻസി, 300 ചോദ്യം ചെയ്യൽ, ഉത്തരം പൂജ്യം

stephen-murukeshan
സ്റ്റീഫൻ, മുരുകേഷൻ

മുതലമട: മുതലമടയുടെ മനസ്സിൽ നിന്ന് മായാത്ത മുറിവാണ് ചപ്പക്കാട് ലക്ഷംവീട് കോളനി. അവിടെ നിന്ന് രണ്ട് ചെറുപ്പക്കാരെ കാണാതായിട്ട് ഇന്നലെ അഞ്ച് വർഷം തികഞ്ഞു. 2021 ആഗസ്റ്റ് 30ന് രാത്രി 10ന് വീട്ടിൽ നിന്ന് ഇറങ്ങിയ സാമുവൽ എന്ന സ്റ്റീഫൻ (28), ഉറ്റ സുഹൃത്ത് മുരുകേശൻ (28) എന്നിവരെ കുറിച്ച് ഇന്നും ഒരു വിവരവുമില്ല.

അന്ന് രാത്രി എന്ത് സംഭവിച്ചു?

സാമുവൽ ജോലി ചെയ്തിരുന്ന ചപ്പക്കാട്ടിലെ സ്വകാര്യ തോട്ടത്തിലേക്കാണ് ഇരുവരും പോയത്. അത് നാട്ടുകാർ കണ്ടതാണ്. കൊല്ലങ്കോട് പൊലീസ് ആദ്യ ദിവസം തന്നെ ഇത് സ്ഥിരീകരിച്ചു. രാത്രി 10.30ന് സാമുവലിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. കാണാതായ രാത്രിയും പിറ്റേന്ന് നായ എത്തുന്നതിന് മുൻപും പെയ്ത കനത്ത മഴ എല്ലാ തെളിവുകളും കഴുകിക്കളഞ്ഞു. മണ്ണിനടിയിൽ 10 അടി താഴ്ചയിൽ കുഴിച്ചിട്ട മൃതദേഹം പോലും മണത്തറിയുന്ന ബെൽജിയൻ മലിനോയിസ് നായയെ വരെ കൊണ്ടുവന്നു. ഫലമൊന്നും ഉണ്ടായില്ല.ചപ്പക്കാട് മേഖലയിലെ മുഴുവൻ വനപ്രദേശത്തും സ്വകാര്യ തോട്ടങ്ങളിലും ഡ്രോൺ പറത്തി. തോട്ടങ്ങളിലെ കൊക്കർണികളിലും ആഴമുള്ള കിണറുകളിലും പാതാളകരണ്ടി ഇറക്കി തിരഞ്ഞു. ഫലം ശൂന്യം.

2022 ഫെബ്രുവരി 12ന് മൊണ്ടിപതി പന്തപ്പാറ വനഭൂമിയിലെ ആലാംപാടി തോട്ടിൽ നിന്ന് ഒരു മനുഷ്യ തലയോട്ടി കിട്ടി. തൃശൂർ ഫോറൻസിക് ലാബിലെ ഡി.എൻ.എ പരിശോധനയിൽ അത് ഇവരുടെ ആരുടെയുമെല്ലെന്ന് തെളിഞ്ഞു. 2021 ആഗസ്റ്റ് 31ന് കൊല്ലങ്കോട് പൊലീസ് കേസ് എടുത്തു. 60ാം ദിവസം കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്. ഡിവൈ.എസ്.പി സി. സുന്ദരൻ അന്വേഷിച്ചു, ഒന്നുമായില്ല. 2024 ജനുവരിയിൽ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിനിടയിൽ 300ലധികം പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. എന്നിട്ടും ഫലമൊന്നും ഉണ്ടായില്ല. ഈ കാത്തിരിപ്പിനിടയിൽ സ്റ്റീഫന്റെ കുടുംബം തന്നെ ഇല്ലാതായി.

അച്ഛൻ ശബരിമുത്തു, സഹോദരൻ ജോയിൽ രാജ്, അമ്മ പാപ്പാത്തി മൂന്നു പേരും മരിച്ചു. ഇന്ന് വീട്ടിൽ അനിയൻ രാജു മാത്രം. മുരുകേശൻ കാണാതാകുമ്പോൾ ഭാര്യ സംഗീത പ്രസവിച്ചിട്ട് മൂന്ന് മാസമേ ആയിരുന്നുള്ളൂ. പിഞ്ചുകുഞ്ഞിന് അഞ്ച് വയസായി. ഇനി സി.ബി.ഐ മാത്രമേ രക്ഷയുള്ളൂയെന്ന് നാട്ടുകാരും വിവിധ സംഘടനകളും ഒന്നടങ്കം ആവശ്യപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALAKKAD, POLICE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY