കോന്നി: ഒരു കുടുംബത്തിൽ നിന്ന് നാലുപേർ നിയമസഭയിലേക്ക് മത്സരിച്ച ചരിത്രമുണ്ട് പത്തനംതിട്ട ജില്ലയിൽ. കോന്നി ചിറ്റൂർ കുടുംബത്തിൽ നിന്ന് പലതവണയായി മത്സരിച്ച നാലുപേരിൽ രണ്ടുപേർ വിജയിച്ചു. ഒരാൾ പരാജയപ്പെട്ടു. മറ്റൊരാൾ ഇടയ്ക്കുവച്ച് മത്സരത്തിൽ നിന്ന് പിൻമാറി,
1952 ൽ തിരുകൊച്ചി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചിറ്റൂർ രാജഗോപാലൻ നായരാണ് ആദ്യം മത്സര രംഗത്ത് വന്ന കുടുംബാംഗം. പ്രചാരണം ആരംഭിച്ചപ്പോൾ മന്നത്ത് പത്മനാഭൻ എതിർ സ്ഥാനാർത്ഥിയായി വന്നു. പിന്നീട് മന്നത്ത് പത്മനാഭന്റെ അഭ്യർത്ഥന മാനിച്ച് രാജഗോപാലൻ നായർ പിൻമാറി. കോന്നിയിലെ കോൺഗ്രസ് നേതാവായ ചിറ്റൂർ ശങ്കറിന്റെ പിതാവായിരുന്നു രാജഗോപാലൻ നായർ.
1960ൽ രണ്ടാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പി.എസ്.പി സ്ഥാനാർത്ഥിയായി വിജയിച്ചത് ചിറ്റൂർ ഹരിശ്ചന്ദ്രൻ നായരാണ്. കോന്നി റിപ്പബ്ലിക്കൻ ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു. പട്ടം താണുപിള്ളയായിരുന്നു അന്ന് മുഖ്യമന്ത്രി .
1987ൽ കോന്നി നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച എൻ.ഡി.പിയിലെ ചിറ്റൂർ ശശാങ്കൻ നായർ, ചിറ്റൂർ ഹരിശ്ചന്ദ്രൻ നായരുടെ ജ്യേഷ്ഠ സഹോദരനാണ്. ദീർഘകാലം വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശശാങ്കൻ നായർ സി.പി.എമ്മിലെ വി.എസ് ചന്ദ്രശേഖരപിള്ളയെയാണ് പരാജയപ്പെടുത്തിയത്. ഹരിശ്ചന്ദ്രൻ നായരും ശശാങ്കൻ നായരും വള്ളിക്കോട് ഞാഴപ്പിള്ളിൽ ഗോവിന്ദപ്പിള്ളയുടെയും കോന്നി ചിറ്റൂർ ലക്ഷ്മി അമ്മയുടെയും മക്കളായിരുന്നു.
1991ൽ പ്രൊഫ.ചിറ്റൂർ സി.പി രാമചന്ദ്രൻ നായർ എൻ. ഡി.പി സ്ഥാനാർത്ഥിയായി കോന്നിയിൽ മത്സരിച്ചു. പരുമല ദേവസ്വം ബോർഡ് കോളേജിന്റെ മുൻ പ്രിൻസിപ്പലായിരുന്നു. അന്ന് സി.പി.എമ്മിലെ എ .പത്മകുമാറാണ് വിജയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |