
പത്തനംതിട്ട : മുപ്പതു വർഷം ഇടതു എം.എൽ.എമാർ പ്രതിനിധീകരിച്ച റാന്നി മണ്ഡലത്തിൽ വികസനം എത്തി നോക്കിയിട്ടില്ലെന്ന് നിയുക്ത റാന്നി എം.എൽ.എ പഴകുളം മധു. പ്രസ് ക്ളബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റാന്നിയുടെ വികസനത്തിന് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ശബരിമല ക്ഷേത്രം ഉള്ളതുകൊണ്ട് റാന്നിക്ക് സർക്കാർ പ്രത്യേക പരിഗണന നൽകണം. തീർത്ഥാടകർക്ക് വേണ്ടി ശബരിമലയിൽ പിൽഗ്രിം സെന്റർ സ്ഥാപിക്കണം.
ആരോഗ്യമേഖലയിൽ പുതിയ സൗകര്യങ്ങൾ കൊണ്ടുവരണം. ജൽജീവൻ പൈപ്പ് ലൈൻ കുഴിച്ചിട്ടതല്ലാതെ വെള്ളം എത്തിയില്ല. ഏറ്റവും വെല്ലുവിളി നിറഞ്ഞത് കുടിവെള്ളം എത്തിക്കുക എന്നതാണ്.
വന്യമൃഗങ്ങളെ തടയാൻ ട്രഞ്ച് കുഴിക്കണം
വന്യമൃഗശല്യം പരിഹരിക്കാനുള്ള മാർഗമൊരുക്കും. മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും കാണും. വനഭൂമിയോട് ചേർന്ന് ട്രഞ്ച് കുഴിക്കുകയാണ് പരിഹാരമാർഗമെന്ന് നാട്ടുകാർ പറയുന്നു. കേന്ദ്ര സർക്കാരിന് നിവേദനം നൽകും.
മരം മുറിക്കാൻ നാട്ടുകാർക്ക് അനുമതി ലഭിക്കാനുള്ള തടസങ്ങൾ നീക്കാൻ നിയമസഭയിൽ ഇടപെടും.
മണിയാർ പദ്ധതി ഏറ്റെടുക്കണം
മണിയാർ വൈദ്യുതി പദ്ധതിയുടെ കരാർ അവസാനിച്ചു. ഇത് പൊതുമേഖലയിൽ കൊണ്ടുവരണം. സ്വകാര്യ കമ്പനിക്ക് കരാർ തുടർന്ന് നൽകിയത് മുൻ സർക്കാരിന്റെ അഴിമതിയാണ്. സർക്കാർ അത് ഏറ്റെടുക്കണം. 2024ന് ശേഷം ഇതുവരെ എത്ര വൈദ്യുതി ഉൽപ്പാദിപ്പിച്ചു എന്ന് കണക്ക് എടുക്കണം. അഴിമതി അന്വേഷിക്കാൻ നിവേദനം നൽകും.
പ്രളയം മനുഷ്യനിർമിതി എന്നത് അന്വേഷിക്കണം
പ്രളയം മനുഷ്യ നിർമിതിയാണെന്ന് മുൻ മന്ത്രിയുടെ ഫോൺ സംഭാഷണം പുറത്തു വന്നത് അന്വേഷിക്കണം. റാന്നിക്ക് ഇനി ഒരു പ്രളയം താങ്ങാൻ കഴിയില്ല.
എം.എൽ.എ മെറിറ്റ് അവാർഡ്
കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായമായി എം.എൽ.എ മെറിറ്റ് അവാർഡ് ഏർപ്പെടുത്തും. റാന്നി ടൗൺ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. വലിയ പാലം നിർമ്മാണം സമയബന്ധിതമായി തീർക്കും. പി.എം റോഡ് നിർമാണത്തിലെ അഴിമതി അന്വേഷിക്കണം. റോഡ് നിർമാണത്തിൽ ഉദ്യോഗസ്ഥർ ബോധപൂർവം വരുത്തിയ പിഴവ് മൂലം അപകടത്തിൽ മരിച്ചവരേറെയാണ്. പട്ടയം പ്രശ്‌നം പരിഹരിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |