
അടൂർ : ലോക ഭൂപടത്തിൽ കമ്മ്യൂണിസം തെളിമയോടെ അടയാളപ്പെടുത്തിയിരിക്കുന്ന രണ്ടിടങ്ങളിൽ നിന്നുള്ളവർ, വലതുപക്ഷ നയങ്ങളുടെ നാടായ അമേരിക്കയിൽ വച്ചു കണ്ടുമുട്ടി പ്രണയിനികളാകുന്നു, ഒടുവിൽ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സാന്നിദ്ധ്യത്തിൽ വിവാഹവും. കഴിഞ്ഞദിവസം അടൂർ പെരിങ്ങനാട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിലെ വിവാഹവേദിയിൽ പെരിങ്ങനാട് കിഴക്കേതിൽ അനു തോമസ് ചൈനക്കാരി ചാൻവാങ്ങ് ന്റെ കഴിത്തിൽ മിന്നുചാർത്തിയപ്പോൾ അപൂർവമായ പ്രണയത്തിന്റെ സാഫല്യമായി. ഇരുവരും അമേരിക്കയിൽ ഒരുമിച്ചു ജോലി ചെയ്തിരുന്ന കാലത്തെ സൗഹൃദം പ്രണയമായി വളരുകയായിരുന്നു. ഇരുവരുടെയും വീട്ടുകാരുടെ ആശിർവാദത്തോടെയായിരുന്നു വിവാഹം. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഉദയഭാനുവും അടൂരിലെ നേതാക്കളും വിവാഹത്തിൽ പങ്കെടുത്തു. കേരളത്തെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് ചാൻവാങ്ങ് പങ്കുവയ്ക്കുന്നത്. യൂട്യൂബ് വഴി കേരളത്തിലെ വിശേഷങ്ങൾ ശ്രദ്ധിക്കാറുള്ള ഇവർക്ക് ഇന്ത്യൻ സാരിയോട് വലിയ പ്രിയമാണ്. കേരളത്തിലെ ഹൗസ് ബോട്ട് യാത്രയും ഇവരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്.
ജീവകാരുണ്യത്തോടെ പുതുജീവിതം
വിവാഹദിനത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായി അനു തോമസും ചാൻവാങ്ങും മാതൃകയായി. വിവാഹ വേളയിൽ അടൂർ മദർ തെരേസ പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി നവദമ്പതികൾ ധനസഹായം നൽകി. മദർ തെരേസ പാലിയേറ്റിവ് കെയർ സൊസൈറ്റി രക്ഷാധികാരി കെ.പി.ഉദയഭാനു വധുവരന്മാരിൽ നിന്ന് സാമ്പത്തിക സഹായം ഏറ്റുവാങ്ങി.
വിവാഹവേളയിൽ മറ്റുള്ളവർക്ക് സഹായമാകുന്ന എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഞങ്ങളുടെ മാതൃക മറ്റുള്ളവരും പിന്തുടരണം.
അനു തോമസ്, ചാൻവാങ്ങ്
(നവദമ്പതികൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |