SignIn
Kerala Kaumudi Online
Thursday, 04 June 2026 5.57 AM IST

കേന്ദ്ര വന്യജീവി ബോർഡിന്റെ അനുമതി വൈകുന്നു, ശബരിമല റോപ് വേ മല കയറുമോ?

rop-way

പത്തനംതിട്ട : ശബരിമല റോപ് വേ നിർമ്മാണത്തിന് കേന്ദ്ര വന്യജീവി ബോർഡിന്റെ അനുമതിക്കായി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും കാത്തിരിപ്പ് തുടങ്ങിയിട്ട് 17 മാസം. അനുമതി ലഭിച്ചാലുടൻ ശബരിമല ഹൈപവർ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നിർമ്മാണം ആരംഭിക്കാൻ കഴിയും. നാലിന് ഹൈപവർ കമ്മിറ്റി യോഗം ചേരുന്നുണ്ട്. നിർമ്മാണത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കേന്ദ്ര അനുമതിക്കായി കഴിഞ്ഞവർഷം ജനുവരിയിലാണ് അപേക്ഷ നൽകിയത്. കേന്ദ്ര വന്യജീവി ബോർഡ് 2025 ഒക്ടോബർ 10ന് പരിശോധന പൂർത്തിയാക്കിയിരുന്നു. എന്നാൽ തുടർനടപടി ഉണ്ടായില്ല. 2011ൽ ആവിഷ്കരിച്ച റോപ് വേ പദ്ധതി​ക്ക് 2015ലാണ് കരാർ കമ്പനിയുമായി ദേവസ്വം ബോർഡ് ഒപ്പുവച്ചത്. 2023 മേയിൽ സർവേ പൂർത്തിയാക്കി.

റോപ് വേയ്ക്കായി എടുക്കുന്ന വനഭൂമിക്ക് പകരംഭൂമി കണ്ടെത്തുന്നതായിരുന്നു ആദ്യതടസം. രണ്ടാം ഇടതുസർക്കാരിന്റെ കാലത്ത് വി.എൻ.വാസവൻ ദേവസ്വം മന്ത്രിയായതോടെ ഇതിനുള്ള നടപടികൾ തുടങ്ങി. കൊല്ലം ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറ സെറ്റിൽമെന്റിലെ 4.5336 ഹെക്ടർ റവന്യു ഭൂമി പകരമായി​ വനംവകുപ്പിന് കൈമാറി, ഹൈക്കോടതിയുടെ ഇടപെടലും തുടർ നടപടികൾ വേഗത്തിലാക്കി.

ചരക്കുനീക്കം സുഗമമാക്കും

പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനും ആംബുലൻസ് സർവീസിനുമായാണ് റോപ് വേ നിർമ്മിക്കുന്നത്. പമ്പാ ത്രിവേണിയിൽ തുടങ്ങി സന്നിധാനം മാളികപ്പുറം പൊലീസ് ബാരക്കിന് സമീപം വരെയാണ് റോപ് വേ. 500 കിലോ ഭാരം കയറ്റാവുന്ന ക്യാബിനുകൾ ഒരു സെക്കൻഡി​ൽ 3 മീറ്റർ ദൂരം സഞ്ചരിക്കുന്ന വി​ധത്തിലാണ് നിർമ്മിക്കുന്നത്. അനുമതി ലഭിച്ചാൽ മഴക്കാലവും തീർത്ഥാടന കാലവും ഒഴികെയുള്ള 24 മാസംകൊണ്ട് പൂർത്തീകരി​ക്കാൻ കഴിയും.

റോപ് വേ

നീളം : 2.7 കിലോമീറ്റർ,

ടവറുകളുടെ എണ്ണം : 5

നി​ർമ്മാണം : ബി.ഒ.ടി വ്യവസ്ഥയി​ൽ

പ്രതീക്ഷി​ക്കുന്ന ചെലവ് : 150 മുതൽ 180 കോടി വരെ

ആശങ്കയേറെ...

ശബരിമലയുടെയും പരിസരത്തെയും പരിസ്ഥിതിയും വന്യജീവി സമ്പത്തും സംരക്ഷിച്ചുകൊണ്ട്‌ മാത്രമേ ഇത്തരം വലിയ വികസന പദ്ധതികൾക്ക് അനുമതി നൽകാനാകൂ എന്ന കേന്ദ്ര വന്യജീവി ബോർഡിന്റെ കർശന നിലപാടാണ് അനുമതി നീണ്ടുപോകാൻ കാരണം. റോപ്‌വേയുടെ നിർമ്മാണത്തിനായി നൂറുകണക്കിന് വന്മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരും. ഇത് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് അധികൃതർ. പെരിയാർ കടുവാ സങ്കേതത്തിലെ വനഭൂമി വിട്ടുനൽകുമ്പോൾ വന്യജീവികളുടെ സ്വാഭാവിക പാർപ്പിടത്തെയും സഞ്ചാരപഥങ്ങളെയും ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL