
പത്തനംതിട്ട: ഉന്നതികളിൽ താമസിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വനിതാ ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. അങ്കണവാടി ഹെൽപ്പർ കൊലപ്പെട്ട ഗവിയിലേക്ക് പോകാനെത്തിയ മന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സംഭവസ്ഥലം സന്ദർശിച്ച ശേഷം സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ട സുരക്ഷയെ സംബന്ധിച്ച നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകും. ഗവി മീനാറിലെ അങ്കണവാടിയിലേക്ക് പോയ ഹെൽപ്പറെ കഴിഞ്ഞദിവസമാണ് കൊലപ്പെടുത്തിയത്. ഇവരുടെ പണവും സ്വർണവും അടങ്ങിയ ബാഗ് മരപ്പൊത്തിൽ ഒളിപ്പിച്ചിരുന്നു. യുവതി പീഡനത്തിന് ഇരായായെന്നും സംശയമുണ്ട്. പ്രതി കോന്നി കൊക്കാത്തോട് സ്വദേശി വിനോദ് കുമാറിനെ അറസ്റ്റുചെയ്തിരുന്നു.
ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സാമുവൽ കിഴക്കുപുറം, ഹരികുമാർ പൂതങ്കര, അബ്ദുൾ കലാം ആസാദ്, എലിസബത്ത് അബു, രജനി പ്രദീപ്, ആർ.ദേവകുമാർ, രതീഷ് കെ.നായർ, റെനീസ് മുഹമ്മദ്, നഹാസ് പത്തനംതിട്ട, പി.കെ.ഇക്ബാൽ, സജി അലക്സാണ്ടർ, അജിത്ത് മണ്ണിൽ, അനിൽ കൊച്ചുമൂഴിക്കൽ, രാജു കലപ്പമണ്ണിൽ, ഷെമീർ തടത്തിൽ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
5 ലക്ഷം കൂടി നൽകും
പത്തനംതിട്ട: ഗവിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അങ്കണവാടി വർക്കറുടെ കുടുംബത്തിന് വിവിധ വകുപ്പുകൾ പ്രഖ്യാപിച്ച 11 ലക്ഷത്തിന് പുറമേ വനിതാ ശിശുക്ഷേമ വകുപ്പ് 5 ലക്ഷം കൂടി നൽകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി അത് അനുവദിപ്പിക്കാൻ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഗവിയിൽ അങ്കണവാടി ഹെൽപ്പറുടെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷം മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
ഗവിയുടെ പ്രശ്നങ്ങൾക്ക് പരിഹരിക്കും
ഗവിയിലെ ലയത്തിന്റെയും അവിടെ താമസിക്കുന്ന കുടുംബങ്ങളുടെയും വിവിധ പ്രശ്നങ്ങളും ശോചനീയാവസ്ഥയും പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. ഗവിയിൽ വനംവികസന കോർപ്പറേഷനിൽ മുടങ്ങിക്കിടക്കുന്ന ആശ്രിത നിയമനങ്ങൾ പുനരാരംഭിക്കാൻ വനംവകുപ്പ് മന്ത്രിയുമായും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായും ചർച്ച നടത്തും. ഇവിടെയുള്ള തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ ഏറ്റവും അടുത്ത ദിവസം സ്ഥലം സന്ദർശിക്കും. ഗവിയിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനും ചികിത്സാ സൗകര്യം വർദ്ധിപ്പിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |