
പത്തനംതിട്ട : മലയോര മേഖലകളിൽ അതീവ ജാഗ്രത നിർദേശവുമായി ജില്ലാ ഭരണകൂടം. മലയോര മേഖലകളിലെ മണ്ണിൽ ഗണ്യമായ അളവിൽ ജലാംശം വർദ്ധിച്ചതിനാൽ, റാന്നി, കോന്നി തുടങ്ങിയ മലയോര താലൂക്കുകളിലും മറ്റ് താലൂക്കുകളിലെ ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കുള്ള സാദ്ധ്യതയുണ്ട്. മലയോര പ്രദേശങ്ങളിലേക്കും കുന്നിൻചെരിവുകളിലേക്കും അനാവശ്യ യാത്ര ഒഴിവാക്കണം. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലും പ്രളയബാധിത പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം മുൻകൂട്ടി സുരക്ഷിത സ്ഥലങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ നിർബന്ധമായും മാറണം. പുഴകൾ, തോടുകൾ, അണക്കെട്ടുകളുടെ താഴ്ന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നതും കുളിക്കുന്നതും വിനോദസഞ്ചാരത്തിനായി പോകുന്നതും പൂർണമായി ഒഴിവാക്കണം. വീടിന്റെ പിന്നിലോ സമീപത്തോ വിള്ളൽ, മണ്ണിടിച്ചിലിന്റെ ലക്ഷണങ്ങൾ, ജലം കലങ്ങിയൊഴുകൽ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വില്ലേജ് ഓഫീസർ , തഹസിൽദാർ കാര്യാലയം , ജില്ല എമർജൻസി ഓപ്പറേഷൻസ് സെന്റർ എന്നിവരെ അറിയിക്കണം. അധികൃതരുടെ ഔദ്യോഗിക അറിയിപ്പുകൾ, കെ.എസ്.ഡി.എം.എ, ജില്ല ഭരണകൂടം എന്നിവർ ലഭ്യമാകുന്ന വിവരങ്ങൾ കൃത്യമായി പിന്തുടരണം.
അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടുക.
ജില്ല എമർജൻസി ഓപ്പറേഷൻസ് സെന്റർ :
ടോൾ ഫ്രീ നമ്പർ 1077 / 04682322515
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |