
പത്തനംതിട്ട : സംസ്ഥാനത്തെ മഴമാപിനിയിൽ എന്നുംമുന്നിട്ട് നിൽക്കുന്ന പത്തനംതിട്ടയിൽ 15 ദിവസത്തിനിടെ പെയ്തൊഴിഞ്ഞത് 30 സെന്റീ മീറ്റർ അധിക മഴ. സംസ്ഥാന ശരാശരിയിലും 200 ശതമാനത്തിൽ കൂടുതൽ മഴയാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ പെയ്തത്.
ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ ജില്ലയിൽ ശരാശരി 8.4 സെന്റീ മീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നതെങ്കിലും 31.5 സെന്റീർ മഴ അധികമായി ലഭിച്ചു. പത്തനംതിട്ടയുടെ കാലാവസ്ഥാ ചരിത്രത്തിൽ ഇത് അപൂർവമാണെന്നും പുതുചരിത്രത്തിലേക്കാണ് ജില്ലയുടെ മഴക്കണക്കുകൾ പോകുന്നതെന്നും കാലാവസ്ഥാ നിരീക്ഷകർ അവകാശപ്പെടുന്നു. ഇന്ത്യ മെറ്റിരിയോളജിക്കൽ വകുപ്പ് മഴയുടെ അളവ് രേഖപ്പെടുത്താൻ ജില്ലയിൽ സ്ഥാപിച്ചിട്ടുള്ള ഔദ്യോഗിക മഴമാപിനികളിലെ കണക്കാണിത്. അനൗദ്യോഗിക കണക്കുകൾ കൂടി ചേർത്താൽ അളവ് വീണ്ടും വർദ്ധിക്കും. പത്തനംതിട്ട കഴിഞ്ഞാൽ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്.
മഴ അളക്കാൻ മൂന്ന് കേന്ദ്രങ്ങൾ
ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെയും സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റിയുടെയും കീഴിൽ മൂന്ന് ഔദ്യോഗിക മഴമാപിനികളാണ് ജില്ലയിൽ സ്ഥാപിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട മഴമാപിനി കോന്നിയിലാണ്. റാന്നി കുരുടമണ്ണിലും തിരുവല്ലയിലുമാണ് മറ്റു രണ്ട് കേന്ദ്രങ്ങൾ.
കൂടാതെ തിരുവല്ലയിൽ ജലഅതോറിറ്റിയും അരുവാപ്പുലത്ത് വനംവകുപ്പും അളവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും കാലാവസ്ഥാ വകുപ്പിന് ലഭിക്കാറില്ല. പമ്പയിൽ ഡാം പ്രദേശത്ത് കെ.എസ്.ഇ.ബി അളവ് എടുക്കുന്നുണ്ടെങ്കിലും വൈദ്യുതി ഉല്പാദന ഡേറ്റയ്ക്ക് മാത്രമാണ് വിനിയോഗിക്കുന്നത്. ളാഹയിൽ മലയോര മേഖലയിലെ തീവ്രമഴയുടെ കണക്കും ശബരിമലയിലെ കാലാവസ്ഥാ വിവരവും രേഖപ്പെടുത്തുമെങ്കിലും ഔദ്യോഗികമല്ല.
കൂടുതൽ മഴ രേഖപ്പെടുത്തിയത് :
ജൂലായ് 31നും ആഗസ്റ്റ് 5നും ഇടയിൽ.
ഉഷ്ണ തരംഗത്തിൽ നിന്ന് പേമാരിയിലേക്ക്
മാസങ്ങളായി ആശങ്ക ഉയർത്തിയിരുന്ന ഉഷ്ണതരംഗ ഭീഷണിക്ക് പിന്നാലെയാണ് അപ്രതീക്ഷിത പേമാരി പെയ്തിറങ്ങിയത്. മുൻ മാസങ്ങളിൽ പലദിവസങ്ങളിലും ആൾട്രാവലയറ്റ് ഇൻഡക്സിൽ ജില്ല ഓറഞ്ച്, റെഡ് അലർട്ടിൽ എത്തിയിരുന്നു. സംസ്ഥാനത്തെ കൂടുതൽ മഴ രേഖപ്പെടുത്തിയിരുന്ന കേന്ദ്രങ്ങളിലൊന്നായിരുന്നു കോന്നി. എന്നാൽ ഇത്തവണ റാന്നി മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |