
ചിറ്റാർ: ഓണക്കാലത്ത് ഗവിയുടെ സൗന്ദര്യം ആസ്വദിക്കാൻ യാത്ര പോകാമെന്ന് ചിന്തിച്ചാൽ നടക്കില്ല. മണ്ണിടിച്ചിലിനെ തുടർന്ന് ഗവി വഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. ഗവി പാത തുറക്കാൻ വൈകും. ഈ ഓണക്കാലത്ത് ഗവി ടൂറിസം വൻ നഷ്ടത്തിലാകും.
ഗവി റോഡിൽ മൂഴിയാർ പിന്നിടുമ്പോൾ ക്രോസിംഗിനും വാൽവ് ഹൗസിനുമിടയിൽ നൂറ് മീറ്ററോളം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. പൊതുമരാമത്ത് റോഡ് വിഭാഗം മണ്ണ് നീക്കാൻ നടപടി ആരംഭിച്ചെങ്കിലും മണ്ണിടിഞ്ഞു വീഴാൻ സാദ്ധ്യതയുള്ളതിനാൽ നിറുത്തിവച്ചു. പ്രദേശത്ത് മണ്ണ് അടർന്നുനിൽക്കുന്നത് റോഡ് ഗതാഗതത്തിന് ഭീഷണിയാണ്. ഇതുകാരണം പാത പൂർണമായി തുറന്നുകൊടുക്കാൻ കഴിയുന്നില്ലെന്ന് വനംവകുപ്പ് ഗൂഡ്രിക്കൽ റേഞ്ച് ഓഫീസർ അറിയിച്ചു.
പ്രദേശവാസികളുടെയും കെ.എസ്.ഇ.ബി, വനംവകുപ്പ് ഉദ്യോസ്ഥരുടെയും വാഹനങ്ങൾ മാത്രമാണ് ഒരു സൈഡിലൂടെ കടത്തിവിടുന്നത്. മേഖലയിൽ മഴ ശക്തമാണ്. മഴ മാറി വെയിലിൽ മണ്ണ് ഉണങ്ങിയാൽ മാത്രമേ നീക്കം ചെയ്യാൻ കഴിയൂ.
നിലവിൽ ഗവി ഒറ്റപ്പെട്ട നിലയിലാണ്. ഗതാഗതം നിലച്ചിട്ട് മൂന്നാഴ്ചയായി. മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലാണ് മണ്ണ് നീക്കം ചെയ്യുന്നത് വൈകുന്നത്.
കെ.എസ്.ആർ.ടി.സിക്കും കെ.എഫ്.ഡി.സിക്കും വൻ നഷ്ടം
ഗവി ടൂറിസം നിരോധിച്ചത് കെ.എഫ്.ഡി.സി, കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻ ഇടിവുണ്ടാകും. കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞ വർഷത്തെ ഓണമാസത്തിൽ ഗവി പാക്കേജിലൂടെ 40 ലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഓണക്കാലത്ത് നൂറ് കണക്കിന് വിനോദയാത്രക്കാരാണ് ഗവിയിലെത്തിക്കൊണ്ടിരുന്നത്. കെ.എഫ്.ഡി.സിക്ക് ടിക്കറ്റ് വരുമാനത്തിലൂടെ ലഭിച്ചിരുന്ന വൻതുക ഈ വർഷം നഷ്ടമായി. പ്രവേശന ഫീസ് ഇനത്തിലാണ് കെ.എഫ്.ഡി.സിയുടെ പ്രധാന വരുമാനം.
ഒരു കെ.എസ്.ആർ.ടി.സി ബസിൽ നിന്ന്
ഒരുദിവസം ലഭിക്കുന്ന വരുമാനം : 50,000 രൂപ
ഗവി പ്രവേശന ഫീസ് : 70 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |