പത്തനംതിട്ട : തിരുവോണദിനത്തിൽ വൈകിട്ട് 6.30ന് നഗരത്തെ ഭീതിയിലാക്കി പാഞ്ഞ കാർ വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന റിട്ട.ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പത്തനംതിട്ട വലഞ്ചുഴി കോയിക്കൽ വീട്ടിൽ അബൂബക്കർ (74) ആണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്നവർ ഉൾപ്പെടെയുള്ള 11 പേർക്ക് പരിക്കേറ്റു. വഴിയരുകിലൂടെ നടന്നുപോകുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് പരിക്കേറ്റവർ.
വെസ്റ്റ് ബംഗാൾ സ്വദേശികളായ വിജയ് മണ്ഡൽ (18), അഷ്‌കുൽ (19), അങ്കിത് (22), ആന്റണീസ് മിഞ്ച് (33), സഞ്ജിത്ത് (18) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
നിസാര പരിക്കേറ്റ രൂപേഷ് (25), ജനേഷ് (26), സൂര്യ (21), സുജൻ (30) എന്നിവർക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സ നൽകി. മറ്റു രണ്ടു കാറിലും ബൈക്കിലും ഇടിച്ചശേഷമാണ് കാർ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറിയത്. പരിക്കേറ്റ് റോഡിൽ കിടന്നവരെ പൊലീസെത്തി ആശുപത്രിയിലാക്കുകയായിരുന്നു.
അബുബക്കറിന്റെ കബറടക്കം ഇന്ന് വൈകിട്ട് 5ന് നടക്കും. ഭാര്യ: റഷീദാ ബീവി. മക്കൾ: രഹാന ബക്കർ, സഫാന ബക്കർ. മരുമകൻ: ഷമീർ.
രണ്ടുപേർ കസ്റ്റഡിയിൽ
അപകടത്തിന് കാരണമായ വാഗണർ കാറിൽ ഉണ്ടായിരുന്ന പത്തനംതിട്ട പുത്തൻപീടിക കുഴിമുറിയിൽ പുത്തൻവീട്ടിൽ ജിനു ബാബു (48) , ഓമല്ലൂർ വിശ്വഭവനിൽ വിശ്വജിത്ത് (24) എന്നിവരെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. ജിനു ബാബുവാണ് കാർ ഓടിച്ചിരുന്നത്. പരിക്കേറ്റ ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജിനുവിനെതിരെ നരഹത്യയ്ക്ക് കേസെടുത്ത് റിമാൻഡ് ചെയ്തു.
മദ്യപിച്ച് വാഹനമോടിച്ചതിനും കുറ്റകരമായ നരഹത്യക്കും ഉൾപ്പെടെ ജാമ്യം ഇല്ലാത്ത വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |