
വർക്കല: കാറത്തലയിൽ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ വർക്കല പൊലീസ് അറസ്റ്റുചെയ്‌തു. വർക്കല വെന്നിക്കോട് സ്വദേശിയായ പടക്കം പ്രദീപ് എന്ന പ്രദീപ് (37),കാറാത്തല സ്വദേശിയായ കിരൺദാസ് (37) എന്നിവരാണ് പിടിയിലായത്.
26ന് വൈകിട്ട് മൂന്നോടെ വർക്കല കാറാത്തല ലക്ഷംവീട് കോളനിയിലെ അജീഷിന്റെ (37) ശ്യാമളാലയം വീട്ടിലെത്തി പ്രതികൾ മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. വെട്ടുകത്തി ഉപയോഗിച്ച് തലയിൽ വെട്ടാൻ ശ്രമിച്ചെങ്കിലും വാതിൽ അടച്ചതിനാൽ വാതിലിലാണ് കൊണ്ടത്. ഒടുവിൽ അടുക്കളവാതിൽ വഴി പുറത്തിറങ്ങിയ അജീഷ് സമീപത്തെ കുടുംബവീട്ടിലെ മുറിയിൽ കയറി വാതിലടയ്‌ക്കുകയായിരുന്നു.
വർഷങ്ങൾക്കുമുമ്പ് പ്രതികളുടെ സുഹൃത്തായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ അജീഷും സഹോദരൻ അജിത്തും പ്രതിയായിരുന്നതാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തി. ഇരുവർക്കുമെതിരെ പ്രതികൾ മുമ്പ് വധഭീഷണി മുഴക്കിയിരുന്നെന്നും പൊലീസ് പറഞ്ഞു.
അജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പടക്കം പ്രദീപിനെതിരെ വർക്കല പൊലീസ് സ്റ്റേഷനിൽ മാത്രം പന്ത്രണ്ടോളം കേസുകൾ നിലവിലുണ്ടെന്നും കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. രണ്ടാം പ്രതി കിരൺദാസും വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇരുവരെയും റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |