വിതുര: തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ചായം, ചാരുപാറ, പേരയത്തുപാറ മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതായി പരാതി. പ്രദേശത്തെ കൃഷികൾ മുഴുവൻ ഇതിനകം നശിപ്പിച്ചുകഴിഞ്ഞു. സമീപത്തെ മറ്റ് പ്രദേശങ്ങളിലെ അവസ്ഥയും വിഭിന്നമല്ല. ലോണെടുത്ത് നടത്തിയിരുന്ന വാഴ,പച്ചക്കറി,മരച്ചീനി കൃഷികൾ വ്യാപകമായി നശിപ്പിച്ചു. ഓണകൃഷികളും നശിപ്പിച്ചിട്ടുണ്ട്.
പകൽസമയത്തുപോലും കാട്ടുപന്നികൾ നാട്ടിലെത്തുന്നതിനാൽ ജനം ഭീതിയിലാണ്.കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പന്നികൾവിതച്ചത്.
ചായം ശ്രീഭദ്രകാളിക്ഷേത്ര പരിസരത്തും കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. പുലർച്ചെ ക്ഷേത്രദർശനത്തിന് എത്തുന്നവരും പന്നിശല്യത്താൽ ബുദ്ധിമുട്ടിലാണ്. മേഖലയിലെ സ്കൂൾ പരിസരങ്ങളിലും പന്നികളുടെ ശല്യമുണ്ട്. തീറ്റതേടി വനത്തിൽ നിന്നുമെത്തുന്ന പന്നികൾ നാട്ടിലെ റബർതോട്ടങ്ങളിലും തരിശുഭൂമികളിലും മറ്റും ചേക്കേറുകയാണ് പതിവ്.
പന്നികൾ ചത്ത് വീഴുന്നു
ചാരുപാറ,പേരയത്തുപാറ,ചായം മേഖലകളിൽ കാട്ടുപന്നികൾ ചത്ത് വീഴുന്നത് പതിവാകുന്നു. മേഖലയിൽ അടുത്തിടെ പത്തോളം പന്നികൾ ചത്ത് വീണിരുന്നു. വൈറസ് ബാധയാണ് പന്നികൾ ചാകാൻ കാരണമായി പറയുന്നത്. പന്നികളെ കൊല്ലുന്നതായും പരാതിയുണ്ട്.
പന്നിശല്യം രൂക്ഷമായ മേഖലകൾ
പേരയത്തുപാറ,ചേന്നൻപാറ,തോട്ടുമുക്ക്,കന്നുകാലിവനം,പൊൻപാറ,പടിപ്പോട്ടുപാറ, ആനപ്പെട്ടി, പരപ്പാറ,പുളിച്ചാമല,ഭദ്രംവച്ചപാറ,നാഗര,തുരുത്തി,കാലങ്കാവ് ചെറ്റച്ചൽ, മരുതുംമൂട് ദർപ്പ,കൈതക്കുഴി,ശാസ്താംകാവ് തേവൻപാറ,പനയ്ക്കോട്,ആനപ്പാറ,കല്ലാർ, മരുതാമല,മേമല,മാങ്കാല,ജഴ്സിഫാം, ബോണക്കാട്,പൊടിയക്കാല, മൊട്ടമൂട്,പേപ്പാറ.
ആക്രമണം പതിവ്
നേരത്തേ മേഖലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്കിൽ സഞ്ചരിച്ച ഒരു കർഷകൻ മരണപ്പെട്ടിട്ടുണ്ട്. പന്നി കുറുകേചാടി ബൈക്ക് മറിഞ്ഞ് അനവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പഞ്ചായത്തുകളിൽ പരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |