
കടയ്ക്കാവൂർ: ജില്ലയിലെ എൻ.എസ്.ജി 6ഡി കാറ്റഗറിയിലുള്ള റെയിൽവേ സ്റ്റേഷനാണ് കടയ്ക്കാവൂരിലേത്. നവീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താതെയും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാതെയും കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനെ അവഗണിക്കുകയാണ് അധികൃതർ. കൊവിഡ് കാലത്ത് നിറുത്തലാക്കിയ ട്രെയിനുകൾക്ക് ഇപ്പോഴും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. യാതൊരു അടിസ്ഥാന സൗകര്യമില്ലാതെ വിജനമായ സ്റ്റേഷൻ,ചുറ്റും കാടുപിടിച്ച് തെരുവ് നായ്ക്കളുടെയും ഇഴ ജന്തുക്കളുടേയും വിഹാര കേന്ദ്രമാണ്. മുതലപ്പൊഴി,പണയിൽ കടവ്,കടയ്ക്കാവൂർ, അഞ്ചുതെങ്ങ്,വക്കം,മണനാക്ക് പ്രദേശങ്ങളിലുള്ളവർക്ക് ദീർഘദൂര യാത്രകൾക്ക് ഉപകാരപ്രദമായിരുന്നു കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ. പരിമിതമായ യാത്രാ സൗകര്യങ്ങളിൽ ബുദ്ധിമുട്ടുന്ന തീരദേശ ഗ്രാമങ്ങളിലെ പ്രാദേശിക വിനോദസഞ്ചാര മേഖലയ്ക്ക് ഏറെ ഗുണപ്രദമാകുന്നതാണ് സ്റ്റേഷന്റെ വികസനം. സ്റ്റേഷൻ നവീകരിച്ച് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ സമീപ ഗ്രാമങ്ങളായ വക്കം,അഞ്ചുതെങ്ങ് മേഖലയിലെ പ്രാദേശിക ടൂറിസത്തിന് ഏറെ ഗുണകരമാകും.
അവഗണനമാത്രം
സമീപ സ്റ്റേഷനുകളിൽ അമൃതാ സ്റ്റേഷനാക്കിയുള്ള നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുമ്പോഴും നിറുത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പോലും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ദീർഘദൂര യാത്രകൾക്കായി സമീപ സ്റ്റേഷനുകളെയാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്. രാത്രി 8 കഴിഞ്ഞാൽ പ്രദേശത്ത് ബസ്സുകൾ സവാരി അവസാനിപ്പിക്കും. രാത്രി വൈകി ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർ മറ്റ് സ്റ്റേഷനുകളിൽ ഇറങ്ങി ഓട്ടോ ആശ്രയിച്ച് വേണം വീടുകളിലെത്താൻ.
നടപടി മാത്രമില്ല
കൊവിഡ് കാലത്ത് തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ്,ഗുരുവായൂർ എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പ് നിറുത്തലാക്കിയതിൽ ഗുരുവായൂർ എക്സ്പ്രസിനും, മംഗലപുരം എക്സ്പ്രസിനും രാവിലെയുള്ള സ്റ്റോപ്പ് മാത്രമാണ് നിലവിൽ അനുവദിച്ചിട്ടുണ്ടെങ്കിലും തിരിച്ചുള്ള സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. അമൃത എക്സ്പ്രസ് ഉൾപ്പെടെയുള്ള പല ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യങ്ങൾക്ക് യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല. യാത്രക്കാർക്ക് വേണ്ട യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ല.
1. നിലവിൽ തിരുവനന്തപുരം സ്റ്റേഷനിലെ ട്രെയിനുകൾ പാർക്ക് ചെയ്യുന്നതിന് വേണ്ടിയാണ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്.
2. രണ്ടാമത്തെയും മൂന്നാമത്തെയും പ്ലാറ്റ്ഫോമുകളിലാണ് നിലവിൽ ട്രെയിനുകൾ നിറുത്തുന്നത്.അവിടെയാകട്ടെ പടി കയറി മേൽപ്പാലത്തിലൂടെ വേണം പ്ലാറ്റ്ഫോമിലെത്താൻ
3.യാത്രക്കാർക്കായുള്ള വിശ്രമ കേന്ദ്രവും ടോയ്‌ലെറ്റും തുറന്നു പ്രവർത്തിക്കുന്നില്ല. കുടിവെള്ളമുള്ള കൂളറും ലഭ്യമല്ല.
4. ട്രെയിനുകൾ നിറുത്തലാക്കിയതോടെ സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്റ്റും നിറുത്തലാക്കി.
5.സ്റ്റേഷന് സമീപത്തെ പ്രധാന വഴികളെല്ലാം കാടുകയറി ഇഴ ജന്തുക്കളുടെയും, തെരുവുനായ്ക്കളുടേയും വിഹാരകേന്ദ്രമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |