
പാലോട്: സംസ്ഥാനമാകെ ഓണാഘോഷങ്ങളിൽ മുഴുകുമ്പോൾ,ഈറ്റ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പരമ്പരാഗത തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാണ്.ഈറ്റ കിട്ടാനില്ലാത്തതും നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതുമാണ് കാരണം.വനാതിർത്തികളിലുള്ള ഈറ്റക്കാടുകൾ വെട്ടിമാറ്റിയതോടെ ഉൾവനങ്ങളിലേക്കു പോകേണ്ട സ്ഥിതിയാണ്.അധികൃതരും ഉത്പന്നങ്ങൾ ശേഖരിച്ച് വില്പന നടത്താൻ തയ്യാറാകാതായതോടെ ജീവിതം പ്രതിസന്ധിയിലായെന്ന് ഈറ്റ തൊഴിലാളിയായ ഇടിഞ്ഞാർ റോഡരികത്ത് വീട്ടിൽ ജോൺസൺ(70) പറയുന്നു.പ്രാദേശിക മാർക്കറ്റിൽ 200രൂപ മുതൽ 350രൂപവരെ വിലയുണ്ടായിരുന്ന ഈറ്റ ഉത്പന്നങ്ങൾക്ക് ഇന്ന് നൂറുരൂപയിൽ താഴെയാണ് ലഭിക്കുന്നത്.കൂടാതെ നാമമാത്രമായ തൊഴിലാളികൾക്ക് മാത്രമാണ് സർക്കാരിന്റെ ക്ഷേമനിധി അനുകൂല്യം ലഭിക്കുന്നതെന്നും പരാതിയുണ്ട്. പാരമ്പര്യ തൊഴിലാളികൾക്ക് ഈറ്റ ലഭ്യമാക്കാനും വിലസ്ഥിരത ഉറപ്പാക്കാനും സർക്കാർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.
സർക്കാർ ഈറ്റ എത്തുന്നില്ല
ഇടിഞ്ഞാർ,മങ്കയം മേഖലകളിൽ മാത്രം നിരവധി ഈറ്റ തൊഴിലാളികളാണുള്ളത്. ഇവർക്ക് ബാംബു കോർപ്പറേഷനാണ് ഈറ്റ എത്തിച്ചിരുന്നത്.അതിനാൽ ഉത്പന്നങ്ങൾ ബാംബു കോർപറേഷന് കൈമാറണമെന്നാണ് വ്യവസ്ഥ.എന്നാൽ വർഷങ്ങളായി ഇവർക്ക് ഈറ്റ ലഭിക്കുന്നില്ല. ഇവരിൽ പലരും ഇപ്പോൾ ഉൾവനത്തിൽ നിന്നും ശേഖരിക്കുന്ന ഈറ്റ ഉപയോഗിച്ചാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്.ഇതിലൂടെ ഒരു ദിവസം 60രൂപയിൽ താഴെ വരുമാനം മാത്രമാണ് ലഭിക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.
ഈറ്റശേഖരിക്കലും അവതാളത്തിൽ
അംഗീകാരമുള്ള പരമ്പരാഗത ഈറ്റത്തൊഴിലാളികൾക്ക് വനത്തിനുള്ളിലെ ഈറ്റ വെട്ടി തലച്ചുമടായി കൊണ്ടുവരാൻ അനുവദിക്കണമെന്ന ആവശ്യം നിലനിൽക്കുന്നുണ്ട്.ഇടിഞ്ഞാറും ചുറ്റുമുള്ള മേഖലകളിലെ കൂടുതൽ ഭാഗങ്ങളും കെ.എഫ്.ഡി.സിയുടെ നിയന്ത്രണത്തിലായതിനാൽ വനത്തിനുള്ളിൽ തൊഴിലാളികളെ പ്രവേശിപ്പിക്കാൻ അനുവദിക്കുന്നില്ല. നാട്ടിൽ കാട്ടുമൃഗങ്ങൾ ഇറങ്ങുന്നതിനാൽ വനാതിർത്തിയിലെ ഈറ്റ ശേഖരിക്കാനും കഴിയില്ല. ഈറ്റ കൂടുതലുള്ള പ്രദേശങ്ങളിൽ ആനയിറങ്ങി ഈറ്റ നശിപ്പിക്കുന്നുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |