
ചോറ്റാനിക്കര: ശാസ്താമുഗളിലെ പാറമടയിൽ നാലുദിവസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തുനിന്ന് അസഹനീയ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പാറമടയിൽ മൃതദേഹം കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചോറ്റാനിക്കര പൊലീസും മുളന്തുരുത്തി തുപ്പംപടി അഗ്നിരക്ഷാസേനയും അഗ്നിരക്ഷാസേനയുമെത്തി. ആഴമേറിയ പാറമടയിൽ പരിശോധന നടത്തുന്നതിനായി എറണാകുളത്തുനിന്ന് സ്കൂബാ സംഘത്തെ എത്തിക്കുകയായിരുന്നു.
കറുത്തപാന്റ്സും ചുവന്ന ടീഷർട്ടുമാണ് വേഷം. ഇടതുകൈയിൽ തുളസി എന്നും വലതുകൈയിൽ ബി പ്ലസ് ടി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സബ് ഇൻസ്പെക്ടർ നന്ദു എസ്. നായർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജലക്ഷ്മി, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുമേഷ്, സിവിൽ പൊലീസ് ഓഫീസർ ജോമോൻ, അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ കെ.ആർ. അനിൽകുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ടിജോ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ (മെക്കാനിക്ക് ) സുനിൽകുമാർ, സ്കൂബ ടീം അംഗം ശരത് അരുൺ എന്നിവർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുടർനടപടികൾ. ഇൻക്വസ്റ്റിനുശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ചോറ്റാനിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |