
കൊച്ചി: വീട്ടമ്മ പണയപ്പെടുത്തിയ സ്വർണാഭരണങ്ങൾ തിരിച്ചു നൽകാതെ മറിച്ചു വിറ്റ കേസിൽ മറൈൻഡ്രൈവിലെ സ്വകാര്യ ധനകാര്യ സ്ഥാപന മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് ഒളിവിലായിരുന്ന പത്തനംതിട്ട കലഞ്ഞൂർ പാടം വിക്ടറി ജംഗ്ഷൻ അനിതഭവനിൽ അനിൽകുമാറിനെയാണ് (50) കാഞ്ഞിരപ്പള്ളിയിൽ നിന്ന് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്.
എറണാകുളം കത്രിക്കടവ് സ്വദേശിയായ യുവതിയാണ് സ്വന്തംപേരിലും സുഹൃത്തുക്കളുടെ പേരിലും 13 പവൻ പണയപ്പെടുത്തിയത്.
പലിശ മുടങ്ങിയതിനെ തുടർന്ന് പ്രതിയുടെ നിർദ്ദേശ പ്രകാരം യുവതി ഇയാൾക്ക് കൂടി പങ്കാളിത്തമുള്ള മറ്റൊരു ധനകാര്യ സ്ഥാപനത്തിലേക്ക് സ്വർണം മാറ്റിവച്ചിരുന്നു. ആറു മാസം കഴിഞ്ഞ് തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് പ്രതിയും സ്ഥാപനത്തിലെ മറ്റ് നടത്തിപ്പുകാരും ചേർന്ന് സ്വർണത്തിന് വില കൂടിയ തക്കം നോക്കി മറിച്ചു വിറ്റതായി അറിയുന്നത്. ജില്ലാ കോടതിയും ഹൈക്കോടതിയും ജാമ്യം തള്ളിയിരുന്നു. സെൻട്രൽ ഇൻസ്പെക്ടർ അനീഷ് ജോയി, എസ്.ഐ ഇ.എം. ഷാജി, എ.എസ്.ഐ ബീവാത്തു, ഉദ്യോഗസ്ഥരായ പ്രശാന്ത് ബാബു, ഹരീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |