
നെയ്യാറ്റിൻകര: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും നിവർത്തന പ്രക്ഷോഭത്തിന്റെയും ഭാഗമായി നടന്ന പ്രതിഷേധക്കാർക്ക് നേരെ ബ്രിട്ടീഷ് പട്ടാളം നടത്തിയ നെയ്യാറ്റിൻകര വെടിവെയ്പിന്റെ 88-ാം വാർഷികം ഇന്ന് ആചരിക്കുന്നു.1938 ആഗസ്റ്റ് 31നായിരുന്നു 7രക്തസാക്ഷികളെ സൃഷ്ടിച്ച നെയ്യാറ്റിൻകര വെടിവയ്പ്. 23പേർക്ക് ഗുരുതരമായി പരുക്കേറ്റതയാണ് അക്കാലത്തെ ബ്രിട്ടീഷ് മാന്വൽ രേഖകളിൽ പറയുന്നത്. സമീപത്തെ ഒരു വീട്ടിലുണ്ടായിരുന്ന സ്ത്രീയും വെടിയേറ്റ് മരിച്ചതായി പറയപ്പെടുന്നു.
നെയ്യാറ്റിൻകര കിഴക്കെ തെരുവിൽ നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റായിരുന്ന എൻ.കെ.പത്മനാഭപിള്ളയെ ജില്ലാ പൊലീസ് സൂപ്രണ്ട് കെ.രാമൻപിള്ള അറസ്റ്റ് ചെയ്യാനെത്തിയതോടെ പ്രവർത്തകർ ക്ഷുഭിതരായി. വീട്ടിൽ നിന്നുമാണ് പത്മനാഭപിള്ളയെ കസ്റ്റഡിയിലെടുത്ത്. ടി.ബി ജംഗ്ഷനിലെ മരുത്തൂർ തോടിന് സമീപമെത്തിയപ്പോൾ പ്രസിഡന്റ് വാസുദേവൻപിള്ളയെ കാണാൻ വാഹനം നിറുത്തിയതോടെ അവിടെയെത്തിയ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനത്തിന് തീയിട്ടു.പത്മനാഭപിള്ളയെ പിന്നീട് ട്രാൻസ്പോർട്ട് ബസിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കോൺഗ്രസ് പ്രവർത്തകർ നാഗർകോവിലിൽനിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന ട്രാൻസ്പോർട്ട് ബസിൽ നിന്നു യാത്രക്കാരെ ഇറക്കിവിട്ട് ബസിനും തീ കൊളുത്തി. ആയിരത്തിലേറെപ്പേർ നെയ്യാറ്റിൻകര പഴയ ബസ്റ്റാൻഡ് ജംഗ്ഷനിൽ തടിച്ചു കൂടിയതോടെ ജനറൽ വാട്കീസിന്റെ നേതൃത്വത്തിൽ കുതിരപ്പട്ടാളമെത്തി. ബയണറ്റ് കൊണ്ട് ജനക്കൂട്ടത്തെ ബ്രിട്ടീഷ് പട്ടാളം കുത്തിയോടിച്ചു. ഇതിനിടെ വാട്കീസിനെ കല്ലെറിഞ്ഞ രാഘവനെ വെടിവച്ചുവീഴ്ത്തി. വൈകിട്ടോടെ അനുജൻ കുമാരന്റെ മടിയിൽ തലചായ്ച്ച് വീരരാഘവൻ മരിച്ചു.
അത്താഴമംഗലം വീരരാഘവൻ (രാഘവൻ),കല്ലുവിള പൊടിയൻ,നടൂർക്കൊല്ല കുട്ടൻപിള്ള,വാറുവിളാകം മുത്തൻപിള്ള,മരുത്തൂർ വാസുദേവൻ, കഞ്ചാംപഴഞ്ഞി കുട്ടപ്പൻ നായർ,വാറുവിളാകം പത്മനാഭപിള്ള. ബസ്റ്റാൻഡിന് സമീപം തൊണ്ടുണക്കി നിന്നിരുന്ന കാളി (പാർവ്വതി) എന്ന ഗൃഹനാഥയും വെടിയേറ്റു മരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |