കൂട്ടാനും കുറയ്ക്കാനുമൊക്കെ അറിയാം
കൊല്ലം: കൊല്ലം റൂറൽ പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ അർജുന് ഇന്ന് പത്താം പിറന്നാൾ! ആഘോഷത്തിൽ എസ്.പി ഷാജി സുഗുണനടക്കമുള്ളവർ പങ്കെടുക്കും.
റൂറൽ പൊലീസിന്റെ ആദ്യ കെ-9 കൺമണിയും വജ്രായുധവുമാണ് അർജുൻ. സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ അതിതീവ്രമായ ഘ്രാണശക്തിയാണ് അർജുന്റെ പ്രത്യേകത. ഗണിതശാസ്ത്ര ചോദ്യങ്ങൾക്ക് മുന്നിൽ കുരച്ച് ഉത്തരം പറയുന്ന സവിശേഷതയുമുണ്ട്. 2016 സെപ്തംബർ 1ന് ആണ് റൂറൽ പൊലീസ് കെ-9 സ്ക്വാഡ് രൂപീകരിച്ചത്. അന്ന് രണ്ടര മാസം മാത്രം പ്രായമുള്ളപ്പോഴാണ് അർജുൻ സേനയുടെ ഭാഗമകുന്നത്. തുടർന്ന് ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റെ നാഷണൽ ട്രെയിനിംഗ് സെന്റർ ഫോർ ഡോഗ്സിൽ വി.ഐ.പി സെക്യൂരിറ്റിക്കുള്ള എസ്.പി.ജി ബാച്ചിനൊപ്പം പരിശീലനം ലഭിച്ചു. ഏഴ് മാസത്തെ കഠിനമായ 'എക്സ്‌പ്ളോസീവ് ഡിറ്റക്ഷൻ' പരിശീലനം പൂർത്തിയാക്കി അർജുൻ കൊട്ടാരക്കരയിലേക്ക് വീണ്ടും എത്തുകയായിരുന്നു. ഹാൻഡ്ലർമാരായ എസ്.സി.പി.ഒ പ്രേംകുമാറും സുധീഷുമാണ് പരിചരണം നൽകുവന്നത്. കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് ആഘോഷങ്ങൾ.
വിശ്വസ്തൻ
രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വി.വി.ഐ.പികളുടെ കേരള സന്ദർശന വേളകളിലെ സുരക്ഷ പരിശോധനകളിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ള അർജുൻ, ജില്ലയിലെ സുപ്രധാന കേസ് അന്വേഷണങ്ങളിളും വഴിത്തിരിവുകളുണ്ടാക്കി. പത്തനാപുരം പാടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്കുകൾ മണത്ത് പിടിച്ചു. കുളത്തൂപ്പുഴയിൽ നിന്നു വെടിയുണ്ടകൾ കണ്ടെത്തി. ഏരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നാടൻ ബോംബ് കണ്ടെത്തി ദുരന്തം ഒഴിവാക്കി. .
കണക്കിലും കേമൻ
സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ മാത്രമല്ല, കണക്കിലും അർജുൻ പുലിയാണ്. കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനുമുള്ള ചോദ്യങ്ങൾ ചോദിച്ചാൽ, കൃത്യമായ എണ്ണം കുരച്ചുകൊണ്ട് അറിയിക്കും. ഉത്തരം കണ്ടെത്താനുള്ള വേറിട്ട മികവ് ഒട്ടേറെ പരീക്ഷണങ്ങൾക്കും വിധേയമാക്കിയിട്ടുണ്ട്. അഞ്ച് ഗുഡ് സർവീസ് എൻട്രികൾ സ്വന്തമാക്കിയ ട്രാക്കർ ഡോഗ് 'അന്ന'യായിരുന്നു റൂറൽ സ്ക്വാഡിൽ അർജുന്റെ പ്രധാന കൂട്ട്. മൂന്നാഴ്ച മുൻപായിരുന്നു അന്നയുടെ മരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |