
കൊച്ചി: വൈദികരും വിശ്വാസികളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്ന് 2022 ഡിസംബർ 24ന് അടച്ചുപൂട്ടിയ സിറോമലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രൽ പള്ളി 1363 ദിവസങ്ങൾക്ക് ശേഷം വീണ്ടും തുറന്ന് ആരാധന ആരംഭിച്ചു.
ജനാഭിമുഖ കുർബാന, ഏകീകൃത കുർബാന എന്നിവയെ അനുകൂലിക്കുന്ന വിശ്വാസികൾ തമ്മിലുണ്ടായ ധാരണപ്രകാരം ഇന്നലെ രാവിലെ ആറ്, എട്ട്, 9.30 സമയങ്ങളിൽ ജനാഭിമുഖമായും വൈകിട്ട് അഞ്ചിന് ഏകീകൃതമായും കുർബാന അർപ്പിച്ചു. നാലുവർഷം പൂട്ടയിട്ടശേഷം തുറന്ന ബസലിക്കയിൽ സമാധാനപരമായി കുർബാനകൾ നടന്നു. ബസലിക്ക തുറന്നതിന്റെ സന്തോഷം ഇരുപക്ഷവും പ്രകടിപ്പിച്ചു.
അതിരൂപതയിലും സഭാതലത്തിലും നടന്ന സുദീർഘമായ ചർച്ചകൾക്ക് ശേഷമാണ് വിശ്വാസികൾ തമ്മിൽ സമവായത്തിലെത്തിയത്. ബസലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് മങ്ങാട്ടിന്റെ നേതൃത്വത്തിലുണ്ടാക്കിയ സമവായം അതിരൂപത അംഗീകരിച്ചതായി സിഞ്ചെല്ലൂസ് ഫാ. ജോസ് പുതിയേടത്ത്, ചാൻലസർ ഫാ. ആന്റണി വാഴക്കാല എന്നിവർ വിശ്വാസികളെ രേഖാമൂലം അറിയിച്ചിരുന്നു.
വ്യവസ്ഥകൾ
ഞായറാഴ്ചകളിലും വിശേഷദിവസങ്ങളിലും വൈകിട്ട് അഞ്ചിന് ഏകീകൃത കുർബാന അർപ്പിക്കണം
തിരുനാൾ, വാർഷികം തുടങ്ങിയ ദിവസങ്ങളിൽ വൈകിട്ട് അഞ്ചിന് ജനാഭിമുഖ കുർബാന അർപ്പിക്കണം
മേജർ ആർച്ച് ബിഷപ്പ്, അതിരൂപത മെത്രാപ്പോലീത്ത എന്നിവർക്ക് ബസലിക്കയിൽ കുർബാന അർപ്പിക്കാൻ സൗകര്യം നൽകണം
ഞായറാഴ്ചകളിൽ വിവാഹത്തിന് ഉച്ചയ്‌ക്ക് 12ന് ജനാഭിമുഖ കുർബാന അർപ്പിക്കാം
മരണം, ചരമവാർഷികം എന്നിവയ്‌ക്ക് വിശ്വാസികൾ ആവശ്യപ്പെട്ടാൽ ഏകീകൃത കുർബാന അർപ്പിക്കണം
ഇരുവിഭാഗങ്ങളും നൽകിയ കേസുകൾ പിൻവലിക്കണം
കുർബാനയെ അവഹേളിക്കുന്ന വിധത്തിൽ പ്രവർത്തിച്ചാൽ നടപടി
പൂട്ടിയത് ക്രിസ്‌മസ് തലേന്ന്
2022 ഡിസംബർ 23 ന് ആരാധനകൾക്കിടെ ആരംഭിച്ച സംഘർഷം 24 ഉച്ചവരെ നീണ്ടു. അൾത്താരയിൽ കടന്നുകയറിയ സ്ത്രീകൾ ഉൾപ്പെട്ട സംഘം കുർബാന പുസ്തകം, ബൈബിൾ, തിരുവോസ്തി, കാസ തുടങ്ങിയവ വലിച്ചെറിഞ്ഞു. വൈദികരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ ഇരുവിഭാഗത്തെയും പൊലീസ് പുറത്താക്കി. എ.ഡി.എം വിളിച്ച ചർച്ചയും പരാജയപ്പെട്ടതോടെയാണ് ബസിലിക്ക അടച്ചിട്ടത്.
ധാരണ അംഗീകരിക്കില്ല: വൺ ചർച്ച്
കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെ കുർബാന തർക്കത്തിലെ ധാരണ അംഗീകരിക്കില്ലെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. വിശ്വാസികളിൽ ഭിന്നിപ്പും ആശയക്കുഴപ്പും സൃഷ്ടിക്കാൻ ബിഷപ്പ് ജോസഫ് പാംപ്ലാനിയും കൂരിയ അംഗങ്ങളും സഭാവിരുദ്ധരും രൂപപ്പെടുത്തിയ ഗൂഢതന്ത്രമാണ് ധാരണാപത്രം. ഏകീകൃത കുർബാനയ്‌ക്ക് വിരുദ്ധമായ തീരുമാനത്തെ ചെയർമാൻ അഡ്വ. മത്തായി മുതിരേന്തി, ജനറൽ കൺവീനർ അഡ്വ. ജോയി ജോർജ്, ജനറൽ സെക്രട്ടറി വിത്സൻ വടക്കുഞ്ചേരി, ട്രഷറർ ക്യാപ്റ്റൻ ടോം ജോസഫ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |