ഉദിയൻകുളങ്ങര: കേരള-തമിഴ്നാട് അതിർത്തി പങ്കിടുന്ന ഗ്രാമപ്രദേശങ്ങളിൽ ഇക്കുറി ഓണക്കാലത്ത് വിറ്റഴിഞ്ഞത് മായം കലർന്ന ശർക്കരയും വെളിച്ചെണ്ണയും. ശർക്കരയ്ക്ക് നിറം നൽകാനായി ടാർട്രസിൻ, സൺസെറ്റ്യെല്ലോ, ബ്രില്ലിയന്റ് ബ്ലൂ തുടങ്ങിയ കൃത്രിമ നിറങ്ങൾ ചേർക്കുന്നതായാണ് വിവരം. ഭക്ഷ്യയോഗ്യമല്ലാത്തതോ അനുവദനീയമായ പരിധിക്ക് മുകളിലോ ഇത്തരം നിറങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുരുതരഭീഷണിയാണ്.
ഓണക്കാലത്ത് അന്യസംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നും പഴകിയ ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെ കേരളത്തിലെത്തിയതായും റിപ്പോർട്ടുകളുണ്ട്.
മായമുള്ള വെളിച്ചെണ്ണയും ശർക്കരയും
പഴക്കമുള്ള മധുരപലാഹാരങ്ങൾ, കൊണ്ടാട്ടങ്ങൾ, മറ്റ് ഭക്ഷ്യസാധനങ്ങൾ എന്നിവ അതിർത്തി പ്രദേശമായ കളിയിക്കവിളയിലെ ചെറുകിട വ്യാപാര കേന്ദ്രങ്ങളിൽ നിന്നും വിലകുറച്ച് ലഭിക്കുന്നുണ്ട്.
വില കുറഞ്ഞതും മായം കലർന്നതുമായ വെളിച്ചെണ്ണയും ശർക്കരയും കൊണ്ടുണ്ടാക്കിയ മധുര പലഹാരങ്ങളാണ് അതിർത്തി മേഖലകളിലെ പല സ്കൂൾ,കോളേജ് ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കടകളിൽ ലഭിക്കുന്നത്.
പരിശോധന നടക്കുന്നില്ല
ആകർഷകമായ നിറങ്ങളിൽ കാണുന്ന വിവിധതരം പലഹാരങ്ങൾ കുട്ടികളെ ആകർഷിക്കുന്നതിനായി കടകളിൽ വിൽക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നുമെത്തുന്ന വിവിധതരം പലഹാരങ്ങൾക്ക് എത്ര ദിവസം പഴക്കമുണ്ടെന്നോ ഉപയോഗപ്രദമാണോ എന്നുപോലും പരിശോധിക്കുന്നില്ല. അതിർത്തി മേഖലകളിലെ പഞ്ചായത്തുകൾക്ക് കീഴിലുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ അടക്കമുള്ള ഡിപ്പാർട്ട്മെന്റുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന ആരോപണങ്ങളുണ്ട്.
നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളും
നിലവാരം കുറഞ്ഞ അരിപ്പൊടി,റവ,ഗോതമ്പ്,ചോളം,മൈദ,കടലമാവ്,ഉഴുന്ന് മാവ് തുടങ്ങിയവ കൊണ്ടുള്ള ഭക്ഷ്യോത്പ്പന്നങ്ങളും അതിർത്തി മേഖലകളിൽ സുലഭമാണ്.
മായം കലരാത്ത ശർക്കരയ്ക്കും വെളിച്ചെണ്ണയ്ക്കും മായം കലർന്ന ഭക്ഷ്യവസ്തുക്കളേക്കാൾ 60ശതമാനം കൂടുതൽ വിലയുണ്ട്.
സ്കൂൾ പരിസരങ്ങളിൽ ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ വിലകുറഞ്ഞ രീതിയിൽ വിൽക്കുന്നതിനാൽ വിദ്യാർത്ഥികളും ഈ പലഹാരങ്ങൾ വാങ്ങുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ
ഗുണനിലവാരം പരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |