SignIn
Kerala Kaumudi Online
Thursday, 03 September 2026 3.30 AM IST

പുസ്‌തക വായനയുടെ മറവിലെ സൈബർ തട്ടിപ്പ് മറ്റ്‌ ജില്ലകളിലും

 അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

നെടുമങ്ങാട്: പുസ്തകം വായിച്ചാൽ പണം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് മണിചെയിൻ മാതൃകയിൽ നടത്തിയ സൈബർ തട്ടിപ്പ് കൊല്ലം ജില്ലയിലും നടന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. വിതുര,തൊളിക്കോട്,ആര്യനാട് പഞ്ചായത്തുകളിലായി ഇരുനൂറിലേറെപ്പേർ തട്ടിപ്പിനിരയായ സാഹചര്യത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ലോക്കൽ പൊലീസ് നടത്തുന്ന പ്രാഥമിക അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. കേസിന്റെ വ്യാപ്തി പരിശോധിച്ച് തുടർനടപടികൾ ശക്തമാക്കുമെന്ന് റൂറൽ എസ്.പി. പ്രശാന്തൻ കാണി സൂചിപ്പിച്ചു. തൊളിക്കോട് തേവൻപാറ സ്വദേശി മുഹമ്മദ് സാബിത്ത് വിതുര പൊലീസിൽ നൽകിയ പരാതിയിലാണ് വൻതട്ടിപ്പ് പുറത്തായത്. എൻ.ടി.എൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ആപ്ലിക്കേഷൻ ലിങ്ക് വാട്സ്ആപ്പ് മുഖേനെ അയച്ചാണ്‌ ആളുകളെ കുടുക്കുന്നത്. മുഹമ്മദ് സാബിത്തിന്റെ പരാതിയിൽ ഇടനിലക്കാർക്ക് ആപ്പ് പരിചയപ്പെടുത്തുകയും ഇടനിലക്കാരായി പ്രവർത്തിക്കുകയും ചെയ്ത ആറുപേർക്കെതിരെ വിതുര പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവർക്ക് കൊല്ലത്തും മറ്റ് ജില്ലകളിലും വിപുലമായ സൈബർ ശൃഖലയുള്ളതായാണ് വിവരം. വിതുര പഞ്ചായത്തിൽ മാത്രം 106 പേർ കബളിപ്പിക്കപ്പെട്ടു. ഇവരിൽ നിന്നായി 1.25 കോടി രൂപ തട്ടിയെടുത്തതായാണ് റൂറൽ പൊലീസ് സൂപ്രണ്ടിന് ലോക്കൽ പൊലീസ് നൽകിയ റിപ്പോർട്ട്. ഉത്തരേന്ത്യൻ പൗരന്മാരും വിദേശികളും ഈ ശൃഖലയിൽ കണ്ണികളാണ്.

ഒരുകോടി രൂപയ്ക്ക് മേൽ തട്ടിപ്പ് നടന്ന കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള കൂടിയാലോചനയിലാണ് അധികൃതർ. നിലവിൽ ആപ്പ് പ്രവർത്തന ക്ഷമമല്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്നലെയും സൈബർ ക്രൈം ഹെൽപ്പ് ലൈനിൽ വിളിച്ചു പരാതിപ്പെട്ടവരുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL